മണിപ്പൂരിലെ വംശീയകലാപാന്തരീക്ഷത്തിന് ശമനമുണ്ടാകുമെന്ന എല്ലാ പ്രതീക്ഷകളും അസ്ഥാനത്താണെന്ന സൂചനകളാണ് ദിനംപ്രതി അവിടെനിന്നും വരുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന തലസ്ഥാനത്തും ഇതരപ്രദേശങ്ങളിലും വ്യാപക അക്രമസംഭവങ്ങൾ അരങ്ങേറി. ഇംഫാലിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക്, സമീപകാലത്തുണ്ടായ അക്രമങ്ങളിലും കൊലപാതകങ്ങളിലും പ്രതിഷേധിച്ച് നടന്ന മാർച്ച് അക്രമാസക്തമാകുകയും സുരക്ഷാസേനയുമായി ഏറ്റുമുട്ടുകയും ഉണ്ടായി.
ഏപ്രിൽ മാസത്തിൽ, ഇതിനകം രണ്ട് കുട്ടികളും ഒരു ബിഎസ്എഫ് ജവാനുമടക്കം എട്ടുപേർ കൊല്ലപ്പെട്ടതായാണ് വാർത്തകൾ സൂചിപ്പിക്കുന്നത്. ഈ മാസം ഏഴിന് ഒരു ബോംബ് സ്ഫോടനത്തിൽ പ്രായപൂർത്തിയാവാത്ത രണ്ടുകുട്ടികൾ കൊല്ലപ്പെട്ടു. അത് വ്യാപകമായ പ്രതിഷേധങ്ങൾ ക്ഷണിച്ചുവരുത്തി. പ്രതിഷേധങ്ങൾക്കിടെ സിആർപിഎഫുമായി ഉണ്ടായ സംഘർഷത്തിൽ നിരായുധരായ മൂന്ന് സാധാരണ പൗരന്മാര്‍ കൊല്ലപ്പെട്ടു. 10ന് അക്രമികൾ ഒരു ബിഎസ്എഫ് ജവാനെ കൊലചെയ്തു. 18ന് നാഗ ഭൂരിപക്ഷ മേഖലയിൽ ദേശീയപാത 202ൽ അക്രമികൾ പതിയിരുന്നു നടത്തിയ ആക്രമണത്തിൽ രണ്ട് താങ്ഖുൽ നാഗ വംശജർ കൊല്ലപ്പെട്ടു.
ഇതെല്ലാം സൂചിപ്പിക്കുന്നത് രാഷ്ട്രപതി ഭരണം അവസാനിപ്പിച്ച്, വംശീയകലാപത്തിന് നേതൃത്വം നൽകിയ എൻ ബിരേൻസിങ്ങിന് പകരം പൊതുവിൽ മിതവാദിയെന്നു കരുതപ്പെടുന്ന യുംനാം ഖേംചന്ദ് സിങ്ങിനെ തൽസ്ഥാനത്ത് പ്രതിഷ്ഠിച്ചതുകൊണ്ടും വംശീയ വിദ്വേഷത്തിനും കലാപാന്തരീക്ഷത്തിനും ശമനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ്. മാത്രമല്ല, ഖേംചന്ദ് സിങ്ങിന് കലാപത്തിൽ ഏർപ്പെട്ടിട്ടുള്ള വിവിധ വംശീയ വിഭാഗങ്ങളെ ചർച്ചകളിലേക്ക് കൊണ്ടുവരുന്നതിനോ കലാപകാരികളെ അടിച്ചമർത്തി നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിനോ കഴിഞ്ഞിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.
2023ൽ ആരംഭിച്ച വംശീയ കലാപത്തിൽ ഇതിനകം 260ലധികംപേർ കൊല്ലപ്പെടുകയും 60,000ത്തിലധികം പേർ അഭയാര്‍ത്ഥികളാക്കപ്പെട്ടതുമായാണ് ഔദ്യോഗിക കണക്ക്. നൂറുകണക്കിന് വീടുകളും ആരാധനാലയങ്ങളും അഗ്നിക്കിരയാക്കപ്പെടുകയോ തർക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. പൊലീസിന്റെയും സുരക്ഷാസേനകളുടെയും ആയുധപ്പുരകൾ കൊള്ളയടിക്കപ്പെട്ടു. ആയുധങ്ങളും വെടിക്കോപ്പുകളും തിരികെ നൽകാനുള്ള സർക്കാരിന്റെ ആഹ്വാനം പരാജയപ്പെട്ടു. അവ തിരിച്ചുപിടിക്കാനുള്ള സുരക്ഷാസേനകളുടെ ശ്രമം എവിടെയും എത്തിയില്ല. അവ തിരിച്ചുപിടിക്കാതെ അക്രമങ്ങൾ അവസാനിപ്പിക്കുക അസാധ്യമാണെന്നിരിക്കെ അതിനുള്ള നിശ്ചയദാർഢ്യമോ കരുത്തോ ജനപിന്തുണയോ നിലവിൽ സർക്കാരിനില്ലെന്നതാണ് വസ്തുത. വിവിധങ്ങളായ സുരക്ഷാസേനാ വിഭാഗങ്ങളും സംസ്ഥാന പൊലീസും തമ്മിൽ യാതൊരു ഏകോപനവുമില്ലാതെയാണ് പ്രവർത്തിക്കുന്നത്. ജനാദേശമില്ലാത്ത, കേന്ദ്ര സർക്കാരിന്റെ ഔദാര്യത്തിലും കൗശലത്തിലും അധികാരത്തിലേറിയ ഖേംചന്ദ് സർക്കാരിന് അതിനു കഴിയില്ലെന്ന് ഇതിനകം തെളിയിക്കപ്പെട്ടുകഴിഞ്ഞു.
അത്തരത്തിലൊരു സർക്കാരിന് സംസ്ഥാനത്തെ പരസ്പരം കൊല്ലുംകൊലയുമായി കലാപത്തിലേർപ്പെട്ടിരിക്കുന്ന വംശീയ ജനവിഭാഗങ്ങൾക്കിടയിൽ ആശയവിനിമയം പോലും സാധ്യമല്ലെന്നതാണ് വസ്തുത. മണിപ്പൂരിലെ വംശീയ വിദ്വേഷവും കലാപങ്ങളും ആഴത്തിൽ വേരോട്ടമുള്ള, ചരിത്രപരമായ രാഷ്ട്രീയ യാഥാർത്ഥ്യമാണ്. അത് പരിഹരിക്കുന്നതിനും ആശയവിനിമയത്തിനും സമവായ ശ്രമങ്ങൾക്കും പകരം സമൂഹത്തിലെ ഭിന്നതകളെയും വൈരുധ്യങ്ങളെയും താൽക്കാലിക രാഷ്ട്രീയനേട്ടങ്ങൾക്കുവേണ്ടി ദുരുപയോഗം ചെയ്യാൻ ബിരേൻ സിങ്ങിനെ കയറൂരിവിട്ട മോഡി ഭരണകൂടവും അതിന് മുഖ്യകാർമ്മികത്വം വഹിച്ച ആഭ്യന്തരമന്ത്രി അമിത് ഷായുമാണ് മണിപ്പൂരിലെ ഇന്നത്തെ ദുരവസ്ഥയുടെ മുഖ്യ ഉത്തരവാദികൾ. മണിപ്പൂർ വംശീയമായും ഒരു സംസ്ഥാനമെന്ന നിലയിൽ ഭൂപരമായും ആഴത്തിൽ വിഭജിക്കപ്പെട്ട അവസ്ഥയിലാണ്. അത് പ്രയോജനപ്പെടുത്തി മണിപ്പൂരിനെ ഒരു ഫാസിസ്റ്റ് പരീക്ഷണശാലയാക്കി മാറ്റുകയാണ് ബിജെപിയും മോഡി സര്‍ക്കാരും.
മണിപ്പൂർ വംശീയകലാപം ആരംഭിച്ച് മൂന്നുകൊല്ലം പിന്നിടുമ്പോഴും പ്രശ്നപരിഹാരത്തിന് യാതൊരു ശ്രമവും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ചുള്ള പതിവ് വാചകക്കസർത്തുകൾക്കപ്പുറം മണിപ്പൂരിനെപ്പറ്റി വാ തുറക്കാൻപോലും വിസമ്മതിക്കുകയാണ് മോഡി. മണിപ്പൂരിനെക്കുറിച്ച് മോഡി വാ തുറന്ന ഒരേയൊരു അവസരത്തിലാവട്ടെ, അവിടെ സ്ത്രീകൾ നഗ്നരാക്കപ്പെട്ട് തെരുവുകളിൽ പ്രദർശിക്കപ്പെട്ടപ്പോഴും അവർ കൂട്ടബലാത്സംഗത്തിന് ഇരകളാക്കപ്പെട്ട് കൊലചെയ്യപ്പെട്ടപ്പോഴും, രാജ്യത്ത് കോൺഗ്രസ് ഭരണത്തിലും അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വ്യാഖ്യാനിച്ച് അതിനെ സാമാന്യവൽക്കരിക്കാനും നിസാരവൽക്കരിക്കാനുമുള്ള ശ്രമമാണ് നടത്തിയത്.
ഇപ്പോൾ, സ്ത്രീ സംവരണത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും പേരിൽ പശ്ചിമബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രചാരണത്തിൽ ഏർപ്പെടുമ്പോഴും, വരാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ സ്ത്രീവോട്ടർമാരെ മറയാക്കി അധികാരത്തിൽ കണ്ണുനട്ടിരിക്കുമ്പോഴും, മണിപ്പൂരിനെപ്പറ്റിയും അവിടത്തെ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെയും ദുരിത ജീവിതത്തെയും പറ്റിയും സംസാരിക്കാൻ മോഡി വിസമ്മതിക്കുന്നു. തെരഞ്ഞെടുപ്പ് വിജയങ്ങൾക്കും അധികാരത്തിൽ എങ്ങനെയും തുടരുക എന്നതിനും അപ്പുറം യാതൊന്നും തന്റെ അജണ്ടയിൽ ഇല്ലെന്നാണ് മണിപ്പൂരിലെ ദുരവസ്ഥയോടുള്ള മോഡിയുടെ സമീപനം വ്യക്തമാക്കുന്നത്. മണിപ്പൂർ ജനതയെ വംശീയടിസ്ഥാനത്തിൽ വിഭജിക്കുകയും അസ്ഥിരീകരിക്കുകയും തകർക്കുകയും ചെയ്ത് എങ്ങനെ അവിടെ അധികാരത്തിൽ തുടരാൻ കഴിഞ്ഞുവോ, സമാന മാതൃക രാജ്യത്താകെ നടപ്പാക്കാനുള്ള ശ്രമമാണ് മോഡിയും ബിജെപിയും നടത്തുന്നത്. മണിപ്പൂർ മോഡിയുടെ ഫാസിസ്റ്റ് ഭരണത്തിന്റെ പരീക്ഷണശാലയാണെന്നത് രാജ്യം തിരിച്ചറിയാൻ വൈകിക്കൂടാ.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment