പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് നേരിട്ട അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ കടുത്ത ആരോപണങ്ങളുമായി മുഖ്യമന്ത്രി മമത ബാനർജി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നെങ്കിലും താൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് മമത പ്രഖ്യാപിച്ചു. ഈ പരാജയം യഥാർത്ഥ ജനവിധിയല്ലെന്നും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് നടത്തിയ വലിയ ഗൂഢാലോചനയുടെ ഫലമാണെന്നും മമത ആരോപിച്ചു. കൊൽക്കത്തയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു മമതയുടെ ആരോപണം.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘വൃത്തികെട്ട കളി’ (Nasty Games) യാണ് തെരഞ്ഞെടുപ്പിൽ നടന്നത്. തന്റെ യഥാർത്ഥ എതിരാളി ബിജെപിയല്ല, മറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനായിരുന്നുവെന്ന് അവർ പറഞ്ഞു. വോട്ടർ പട്ടികയിൽ നിന്ന് 90 ലക്ഷം പേരുകൾ നീക്കം ചെയ്തതായും നിയമപോരാട്ടത്തിന് ശേഷമാണ് ഇതിൽ കുറച്ചുപേരെയെങ്കിലും തിരികെ ഉൾപ്പെടുത്തിയതെന്നും മമത പറഞ്ഞു. കേന്ദ്ര ഏജൻസികളെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് ഏകദേശം 100 സീറ്റുകൾ തങ്ങളിൽ നിന്ന് തട്ടിയെടുത്തതായും അവർ ആരോപിച്ചു.
തെരഞ്ഞെടുപ്പ് വേളയിൽ തനിക്ക് നേരെ ശാരീരിക ആക്രമണം ഉണ്ടായി. ഒരു പോളിംഗ് സ്റ്റേഷനിൽ വെച്ച് തന്റെ വയറ്റിലും പുറത്തും മർദ്ദനമേറ്റു. ആ സമയത്ത് അവിടെയുള്ള സിസിടിവി ക്യാമറകൾ ബോധപൂർവ്വം ഓഫ് ചെയ്തിരിക്കുകയായിരുന്നുവെന്നും കൗണ്ടിംഗ് സ്റ്റേഷനിൽ നിന്ന് തന്നെ പുറത്തേക്ക് തള്ളിയതായും മമത ആരോപിച്ചു. ഇവിഎമ്മുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത അവർ, വോട്ടെടുപ്പിന് ശേഷവും മെഷീനുകളിൽ എങ്ങനെ 80–90 ശതമാനം ചാർജ് അവശേഷിക്കുന്നുവെന്നും ചോദിച്ചു.
ഞാൻ തോറ്റിരുന്നെങ്കിൽ രാജിവെക്കുമായിരുന്നു. എന്നാൽ ഇത് ബലപ്രയോഗത്തിലൂടെ നേടിയ വിജയമാണ്. സമ്മർദ്ദത്തിന് വഴങ്ങി ഞാൻ രാജിവെക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് നടപ്പാകില്ലെന്നും മമത് വ്യക്തമാക്കി. അതേസമയം, ബിഹാർ, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലേതുപോലെ ബംഗാളിലും കേന്ദ്ര സർക്കാർ നേരിട്ട് ഇടപെട്ട് തെരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment