Related News

കോഴിക്കോട് ജില്ലയില്‍ ബിജെപിയില്‍ പോര് ശക്തമാകുന്നു ; ജില്ലാ പ്രസിഡ‍ന്റിന്റെ കോലം കത്തിച്ച് അണികള്‍

Janayugom
Developer Admin

കോഴിക്കോട് ജില്ലയില്‍ ബിജെപിയില്‍ കലഹം മുറുകുന്നു. കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്റെ കോലം കത്തിച്ചാണ് പ്രതിഷേധം തുടരുന്നത്. ജില്ലയിലെ വടക, നാദാപുരം മണ്ഡലങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒന്‍പത് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അച്ചടക്ക നടപടി എടുത്തതും, പരസ്യ പ്രതിഷേധം തെല്ലൊന്നുമല്ല ജില്ലയിലെ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഈ രണ്ടു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ്-ബിജെപി ഡീല്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമായിരിക്കെ ബിജെപിക്ക് അതും തലവേദനയായിരിക്കുകയാണ്. വന്‍ ചര്‍ച്ചയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.കോഴിക്കോട് ജില്ലയിൽ സ്ഥാനാർഥി നിർണയത്തിൽ മെറിറ്റല്ല നോക്കിയതെന്നും വീതം വെപ്പാണ് നടന്നതെന്നുമാണ് ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട പ്രവർത്തകർ പറയുന്നത്.

മലബാറിൽ മുന്‍ പ്രസിഡന്റ് കെ സുരേന്ദ്രന്റെ പെട്ടിപിടിത്തക്കാർ സജീവമാണെന്നും അവരുടെ വീതം വെപ്പാണ് നടന്നതെന്നും ഇവർ ആരോപിക്കുന്നു. കെസുരേന്ദ്രന്റെ പെട്ടിപിടിത്തക്കാരനായി വന്ന ആളാണ് കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് പ്രഫുൽ കൃഷ്ണൻ. അദ്ദേഹത്തിന്റെ ഇഷ്ടക്കാർക്കുള്ള വീതം വെപ്പാണ് നോർത്ത് ജില്ലാ പരിധികളിലും ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ നടന്നത്. ഒരു മെറിറ്റും നോക്കാതെയാണ് വടകര മണ്ഡലത്തിലും നാദാപുരം മണ്ഡലത്തിലും സ്ഥാനാർഥി നിർണയം നടന്നതെന്നും നടപടി നേരിട്ട ശ്യാംരാജ് കൂരിയാടി പറഞ്ഞു. മുൻപ് പലതവണ ആരോപണ വിധേയരാക്കപ്പെട്ട് പാർട്ടി തന്നെ നടപടിയെടുത്ത ആളുകളാണ് ഈ മണ്ഡലങ്ങളിൽ സ്ഥാനാർഥികളായത്. ഇതിനെതിരെയാണ് തങ്ങൾ ശബ്ദിച്ചതെന്ന് വടകരയിൽ വിമതനായി മത്സരിക്കാനൊരുങ്ങുക കൂടി ചെയ്ത ശ്യാംരാജ് കൂരിയാടി പറഞ്ഞു. ശ്യാംരാജ് മത്സരിക്കാൻ പത്രിക നൽകിയെങ്കിലും തള്ളിപ്പോവുകയായിരുന്നു. വടകരയിൽ പത്രിക നൽകിയ ശ്യാംരാജ് കൂരിയാടി ഉൾപ്പെടെ മൂന്നുപേരെയും നാദാപുരത്ത് വിമതനായി മത്സരിച്ച പത്മകുമാർ ഉൾപ്പെടെ ആറുപേരെയുമാണ് ബിജെപി നോർത്ത് ജില്ലാ കമ്മിറ്റി പുറത്താക്കിയത്.

വടകരയിൽ 2021‑ൽ ബിജെപി 10,225 വോട്ടുകൾ പിടിച്ചിരുന്നുവെങ്കിൽ ഇത്തവണ 5000 പോലും കിട്ടില്ലെന്നും അങ്ങനെ സംഭവിച്ചില്ലെങ്കിൽ താൻ പണി നിർത്തി കാട്ടിലേക്ക് പോയ്‌ക്കോളാമെന്നും ശ്യാംരാജ് പറയുന്നു. ഇത്തവണ തീരദേശ വോട്ടുകൾ കുറയുമെന്നും അതിന് കാരണം താനാണെന്നുമാണ് പ്രഫുൽ കൃഷ്ണൻ കൊടുത്ത റിപ്പോർട്ട്. എന്നാൽ തീരദേശ വോട്ടല്ല കുറയുകയെന്നും സ്ഥാനാർഥിയോടുള്ള താത്പര്യമില്ലാത്തത് കൊണ്ട് മറ്റ് ഭാഗങ്ങളിലെ വോട്ടാണ് കുറയുകയെന്നുംശ്യാംരാജ് പറയുന്നു. വിമതനീക്കം ആരോപിച്ച് ഒൻപത് പേരെ പുറത്താക്കിയതിന് പിന്നാലെയായിരുന്നു ഇതേ പ്രവർത്തകർ ചേർന്ന് ബിജെപിയുടെ കൊടിപിടിച്ച് വടകര നഗരത്തിൽ പ്രഫുൽ കൃഷ്ണയുടെ കോലം കത്തിച്ചത്. പാർട്ടിക്കുള്ളിലെ പാഷാണംഎന്നടക്കമുള്ള മുദ്രാവാക്യവും വിളിച്ചിരുന്നു. 

Previous
പശ്ചിമബംഗാളിലെ ഭവാനിപ്പൂരില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഏറ്റുമുട്ടാനൊരുങ്ങി...
Next
ബിജെപിയില്‍ ചേര്‍ന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment