Related News

ഇരട്ട പാൻ കാർഡ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ് വിധിച്ച് സ്‌പെഷ്യൽ കോടതി

Janayugom
Developer Admin

വ്യത്യസ്ത ജനന തീയതിയിലുള്ള രണ്ട് പാൻ കാർഡുകൾ കൈവശംവെച്ച കേസിൽ സമാജ്‌വാദി പാർട്ടി (എസ്പി) നേതാവ് അസം ഖാൻ, മകൻ അബ്ദുല്ല അസം ഖാൻ എന്നിവർക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച് രാംപൂരിലെ എംപി/എംഎൽഎ സ്‌പെഷ്യൽ കോടതി. 2019‑ൽ ബിജെപി നേതാവ് ആകാശ് സക്‌സേനയാണ് ഇവർക്കെതിരെ പരാതി നൽകിയത്. 1993 ജനുവരി ഒന്നിനും, 1990 സെപ്റ്റംബർ 30നും ഉള്ള ജനന തീയതിയിൽ അബ്ദുല്ല അസം ഖാന് രണ്ട് പാൻ കാർഡുകൾ ഉണ്ടെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.

2017 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് 25 വയസ്സ് തികഞ്ഞുവെന്ന് കാണിക്കാൻ രണ്ടാമത്തെ ജനനതീയതി കെട്ടിച്ചമച്ചതാണെന്നാണ് പ്രോസിക്യൂഷൻ വാദം. അബ്ദുല്ല പിന്നീട് വിജയിച്ച സ്വാർ അസംബ്ലി സീറ്റിലേക്കുള്ള നാമനിർദേശത്തിന് മുന്നോടിയായി പഴയ പാൻ കാർഡിന് പകരം പുതിയ പാൻ കാർഡ് നൽകുന്നതിന് വേണ്ടിയാണ് ഇത് ചെയ്തതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വ്യാജ രേഖകൾ നിർമിക്കാനും ഉപയോഗിക്കാനും ബാങ്ക് രേഖകൾ മാറ്റാനും അസം ഖാൻ മകനുമായി ഗൂഢാലോചന നടത്തിയെന്ന് കോടതി കണ്ടെത്തി. ബാങ്ക് രേഖകളും ഇൻകംടാക്‌സ് വിവരങ്ങളുമെല്ലാം വിശദമായി പരിശോധിച്ചാണ് ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയതെന്ന് സ്‌പെഷ്യൽ ജഡ്ജി ശോഭിത് ബൻസാൽ പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420 (വഞ്ചന), 467 (വ്യാജരേഖ ചമയ്ക്കൽ), 468 (തട്ടിപ്പ് നടത്താൻ വ്യാജരേഖ ചമയ്ക്കൽ), 471 (വ്യാജരേഖ ഉപയോഗിക്കൽ), 120 ബി (ഗൂഢാലോചന) വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.

അസം ഖാനും മകനുമെതിരായ കോടതി വിധിയോട് എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് രൂക്ഷമായാണ് പ്രതികരിച്ചത്. “അധികാരത്തിന്റെ ബലത്തിൽ അനീതിയും അടിച്ചമർത്തലുമായി മുന്നോട്ടുപോകുന്നവർ ഏറ്റവും മോശമായ അന്ത്യത്തിലേക്കാണ് നീങ്ങുന്നത്. എല്ലാം…എല്ലാം…കാണുന്നുണ്ട്,” എന്ന് അഖിലേഷ് ഫേസ്ബുക്കിൽ കുറിച്ചു.

Previous
ഇന്ന് ലോക ഗർഭാശയഗളാർബുദ നിർമ്മാർജന ദിനം; ഗർഭാശയഗളാർബുദം നേരത്തെ കണ്ടെത്തി ചികിത്...
Next
വാഗണ്‍ ട്രാജഡി കൂട്ടക്കൊലയ്ക്ക് ഇന്ന് 104 ആണ്ടുകള്‍

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment