സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയില്‍ ഇന്നും ദേവദാസി സമ്പ്രദായം നിലനില്‍ക്കുന്നതായി ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍.സംസ്ഥാനത്തെ 15 ജില്ലകളില്‍ തുടരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.സാംസ്കാരികവും,സാമ്പത്തികുവും, സാമൂഹികവുമായി സമ്മര്‍ദ്ദങ്ങള്‍ മൂലമാണ് യുവതികള്‍ ഇപ്പോഴും ഈ ചൂഷണത്തിന് ഇരയാകുന്നത്.1848ല്‍ നിയമം മൂലം നിരോധിച്ചതായിരുന്നു ദേവദാസി സമ്പ്രദായം .ആചാരമെന്ന് പേരിട്ട് വിളിക്കപ്പെടുന്ന ഈ അനാചാരം ഇനിയും പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ സാധിച്ചിട്ടില്ല.
എട്ടാം നൂറ്റാണ്ടില്‍ ക്ഷേത്ര സേവനത്തിന്റെ ഭാഗമായി ആരംഭിച്ച ഈ ആചാരം, നിലവില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണമായി മാറിയിരിക്കുകയാണ്.വിജയനഗര ജില്ലയിലെ മാരിദേവി (25) എന്ന യുവതിയുടെ അനുഭവം ഈ വ്യവസ്ഥയുടെ ക്രൂരത വെളിവാക്കുന്നു. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ രോഗിയായ അമ്മയ്ക്ക് പകരം ഗ്രാമത്തിലെ മുതിര്‍ന്നവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മാരിദേവി ദൈവത്തിന്റെ ദാസിയായി സമര്‍പ്പിക്കപ്പെട്ടത്. രണ്ട് പെണ്‍മക്കളുള്ള മാരിദേവിയെ, ഇളയ മകളുടെ കാഴ്ച വൈകല്യം അറിഞ്ഞതോടെ പങ്കാളി ഉപേക്ഷിച്ചു.
ദേവദാസി സ്ത്രീകള്‍ക്ക് വിവാഹം കഴിക്കാന്‍ അനുവാദമില്ലെങ്കിലും, പുരുഷന്മാര്‍ക്ക് ഉത്തരവാദിത്തങ്ങളൊന്നുമില്ലാതെ ഇവരുമായി ബന്ധം പുലര്‍ത്താമെന്നത് ഈ വ്യവസ്ഥയിലെ ഇരട്ടത്താപ്പായി തുടരുകയാണ്.2025‑ലെ കര്‍ണാടക ദേവദാസി( പ്രതിരോധം, നിരോധനം, ആശ്വാസം, പുനരധിവാസം) ബില്ലിനെത്തുടര്‍ന്ന് നടന്ന റീ സര്‍വേയില്‍ വലിയ അപാകതകളുണ്ടെന്നാണ് ആക്ഷേപം. 1984ന് ശേഷം ജനിച്ച ദേവദാസികളെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.ദേവദാസി റീ സര്‍വേ സഹായകരമാകുമെന്ന തന്റെ പ്രതീക്ഷ അസ്തമിച്ചുവെന്നാണ് മാരിദേവി പറയുന്നത്.
ആവശ്യമായ രേഖകളുമായി ഉദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍ കാലങ്ങളായി നിരോധിച്ച ഒരു ആചാരം പിന്തുടരുന്നതിനാല്‍ തന്നെ ജയിലിലടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവര്‍ പറയുന്നു.2008ല്‍ നടന്ന സര്‍വേയ്ക്ക് ശേഷമാണ് മാരിദേവി ദേവദാസിയായത്. അതിനാല്‍ നിലവിലെ കണക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ അവര്‍ക്ക് സഹായം ലഭിക്കുകയുള്ളൂ.നിലവിലെ കണക്കനുസരിച്ച് 23,395 മുന്‍ ദേവദാസികളാണ് സംസ്ഥാനത്തുള്ളത്; 2008ല്‍ ഇത് 46,660 ആയിരുന്നു. ആചാരം ഇല്ലാതായതല്ല, മറിച്ച് 18,000‑ത്തോളം ദേവദാസികള്‍ മരണപ്പെട്ടതാണെന്ന് ഈ കുറവിന് കാരണം എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.ദാരിദ്ര്യത്തിന് പുറമെ, ആണ്‍മക്കളില്ലാത്ത കുടുംബങ്ങളില്‍ മാതാപിതാക്കളെ സംരക്ഷിക്കാനായി പെണ്‍കുട്ടികളെ ദേവദാസികളാക്കുന്ന രീതി ഇപ്പോഴും തുടരുന്നു. 23കാരിയായ അങ്കിത എന്ന യുവതിയെ സഹോദരന്റെ മരണ ശേഷം മാതാപിതാക്കള്‍ ദേവദാസിയാക്കുകയായിരുന്നു.
പൊലീസ് സാന്നിധ്യത്തില്‍പ്പോലും ക്ഷേത്രങ്ങളില്‍ ഇത്തരം ചടങ്ങുകള്‍ നടക്കുന്നു എന്നത് ഭരണകൂടത്തിന്റെ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്.ദേവദാസികളില്‍ 90 ശതമാനവും പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവരാണ്. ഇവരില്‍ 66 ശതമാനത്തിനും ഇതുവരെ വീട് ലഭിച്ചിട്ടില്ല. ദേവദാസികളില്‍ 97.91 ശതമാനം പേരുടെയും വാര്‍ഷിക വരുമാനം 50,000 രൂപയില്‍ താഴെ മാത്രമാണ്. ഇവരുടെ മൂന്ന് തലമുറകളിലെ കുട്ടികളില്‍ കേവലം 0.43 ശതമാനം പേര്‍ മാത്രമാണ് ബിരുദധാരികളായുള്ളത്.ഇവരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ അഞ്ച് കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. എന്നാല്‍ സംസ്ഥാനത്തെ ദേവദാസികളുടെ എണ്ണം പരിഗണിക്കുമ്പോള്‍ ഈ തുക ഒന്നിനും തികയില്ലെന്ന വിമര്‍ശനവും ശക്തമാണ്.വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങളുടെ അഭാവവും ഉദ്യോഗസ്ഥരുടെ അനാസ്ഥയും കാരണം ആയിരക്കണക്കിന് യുവതികളാണ് സര്‍ക്കാരിന്റെ സഹായപദ്ധതികള്‍ക്ക് പുറത്തുനില്‍ക്കുന്നത്. നിയമങ്ങള്‍ ഉണ്ടെങ്കിലും അവ നടപ്പിലാക്കുന്നതിലെ വീഴ്ച ദേവദാസി സമ്പ്രദായം ഇന്നും നിലനില്‍ക്കാന്‍ കാരണമാകുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment