കേരളത്തിന്റെ ജനവിധി അറിയാൻ ഇനി നിമിഷങ്ങൾ മാത്രം. രാഷ്ട്രീയ കേരളം ശ്വാസമടക്കി കാത്തിരുന്ന ആ ദിവസം എത്തി കഴിഞ്ഞു. ഇരുപത്തിനാല് ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ട് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിക്കും. സംസ്ഥാനത്തെ 43 കേന്ദ്രങ്ങളിലായി ക്രമീകരിച്ചിട്ടുള്ള വോട്ടെണ്ണൽ ഹാളുകളിൽ ജനവിധി അറിയാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തൻ യു കേൽക്കർ അറിയിച്ചു.
രാവിലെ ഏഴ് മണിയോടെ സ്ട്രാങ് റൂമുകൾ തുറന്നു. സ്ഥാനാർത്ഥികളുടെയോ അവരുടെ ഏജന്റുമാരുടെയോ സാന്നിധ്യത്തിൽ പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിച്ചുകൊണ്ടാണ് റൂമുകൾ തുറന്നത്. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുക. ഇത്തവണ സർവീസ് വോട്ടർമാരുടെ എണ്ണത്തിൽ വര്‍ധനവുണ്ടായിട്ടുണ്ട്. എട്ടരയോടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.
ഒൻപത് മണിയോടെ ആദ്യ ഔദ്യോഗിക ഫലസൂചനകൾ പുറത്തുവരും.
വൈകിട്ട് അഞ്ച് മണിയോടെ വോട്ടെണ്ണൽ നടപടികൾ പൂർത്തിയാക്കി വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കഴിയുമെന്നാണ് കമ്മിഷന്റെ പ്രതീക്ഷ. ഒരു കേന്ദ്രത്തിൽ പരമാവധി 14 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 14 യന്ത്രങ്ങൾ എണ്ണിത്തീരുന്നതോടെ ഒരു റൗണ്ട് പൂർത്തിയാകും. ഓരോ റൗണ്ടിലെയും രണ്ട് കൺട്രോൾ യൂണിറ്റുകൾ നിരീക്ഷകർ പ്രത്യേകം പരിശോധിക്കും.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment