ജനങ്ങളുടെ വിധിയെഴുത്തിനെ വിനയപൂർവം അംഗീകരിക്കുന്നതായി സിപിഐ സംസ്ഥാന കൗണ്‍സില്‍. വോട്ടിങ്ങിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമായതിനുശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽഡിഎഫും അത്തരം പരിശോധന നടത്തും. ജനാധിപത്യ വ്യവസ്ഥയിൽ എല്ലാവരെക്കാള്‍ വലിയവർ ജനങ്ങളാണ്. നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽഡിഎഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്. അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെയുള്ള പരിശോധന ആവശ്യമാണ്. 10 വർഷത്തെ എൽഡിഎഫ് ഭരണം എല്ലാ ജീവിതതുറകളിലും അനിഷേധ്യമായ നേട്ടമാണ് ഉണ്ടാക്കിയത്. ആ സര്‍ക്കാരുകളെ നയിച്ച എൽഡിഎഫിന് പരാജയമുണ്ടാകുമ്പോൾ പതിവുള്ള വിശദീകരണങ്ങൾ മതിയാകാതെ വരുന്നു. ജനവിധിക്ക് അടിസ്ഥാനമായ കാരണങ്ങൾ കണ്ടെത്തി, പാളിച്ചകളുണ്ടെങ്കില്‍ തിരുത്തി മുന്നോട്ടു പോകാൻ എൽഡിഎഫ് പ്രതിജ്ഞാബദ്ധമാണ്.
എക്കാലവും പാർട്ടി വിജയിച്ചുപോരുന്ന സീറ്റുകളിലെ പരാജയത്തെക്കുറിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി സ്വയം വിമർശനം നടത്തും. പാർട്ടിയെയും എൽഡിഎഫിനെയും ശക്തിപ്പെടുത്തിക്കൊണ്ട് ജനതാല്പര്യങ്ങൾക്കൊപ്പം കൂറോടെ നിലകൊള്ളുവാൻ എല്ലാ കഴിവുകളും പ്രയോജനപ്പെടുത്തും. ഉത്തരവാദിത്ത ബോധമുള്ള ജനപക്ഷ പ്രതിപക്ഷമായി പ്രവർത്തിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും എൽഡിഎഫും പരിശ്രമിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പിക്കാം. പാർട്ടിയുടെയും എൽഡിഎഫിന്റെയും വിജയത്തിനുവേണ്ടി ത്യാഗപൂർവം പ്രവർത്തിച്ച എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. എല്ലാതരം നിഷേധാത്മക പ്രചാരണങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് എൽഡിഎഫ് സ്ഥാനാർത്ഥികൾക്ക് വോട്ടു ചെയ്ത ജനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നതായി സംസ്ഥാന കൗണ്‍സില്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment