ഛിദ്രശക്തികളേ, ഇത് കേരളമാണ്…

Janayugom
Developer Admin

നാധിപത്യത്തിന്റെ ആഘോഷം മാത്രമല്ല സൗന്ദര്യം കൂടിയാണ് തെരഞ്ഞെടുപ്പുകളെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകില്ല. ഇന്നലെ കേരളം ഒന്നടങ്കം പോളിങ് ബൂത്തിലെത്തുന്ന കാഴ്ച ജനാധിപത്യവിശ്വാസികളെ എത്രമാത്രം ആവേശത്തിലാഴ്ത്തിയെന്നതിനെക്കുറിച്ച് പ്രത്യേകം പറയേണ്ടതുമില്ല. രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പിനായി ആറുമണിക്ക് തന്നെ പോളിങ് ബൂത്തിലേക്ക് ആളുകൾ കൂട്ടത്തോടെയെത്തിയതിന്റെ കാഴ്ചകൾ മാധ്യമങ്ങളിലൂടെ കാണാനായി. വോട്ടെടുപ്പ് ആരംഭിക്കുമ്പോഴേയ്ക്കും പോളിങ് ബൂത്തിന് മുന്നിൽ വോട്ടർമാരുടെ വലിയ നിരതന്നെ ഒട്ടുമിക്ക ഇടങ്ങളിലും രൂപപ്പെട്ടിരുന്നു. സാധാരണയായി രാവിലെ വോട്ടെടുപ്പ് ആരംഭിക്കുമ്പോൾ സ്ത്രീവോട്ടർമാരായിരിക്കും കൂടുതലായും എത്തുക. നേരത്തെ വോട്ട് ചെയ്ത് പതിവ് തിരക്കുകളിലേക്ക് കടക്കാനായിരിക്കും വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ നേരത്തെ തന്നെയെത്തുക. എന്നാൽ ഇക്കുറി പുരുഷവോട്ടർമാരും അതിരാവിലെ തന്നെ വോട്ട് ചെയ്യാൻ പോളിങ് ബൂത്തുകളിലേക്ക് എത്തിയത് പതിവിനപ്പുറമുള്ള കാഴ്ചകളായിരുന്നു. സ്വതവേ സമാധാനപരമായി വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് കേരളം. അത്യപൂർവമായി മാത്രം അനിഷ്ടസംഭവങ്ങൾ ചിലയിടങ്ങളിൽ ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണയും പൂർണമായും സമാധാനപരമായിരുന്നു വോട്ടെടുപ്പ്.

സമസ്ത മേഖലകളിലും വികസനമെത്തിച്ച, ഭരണത്തുടർച്ച നേടിയ എൽഡിഎഫ് 100% ആത്മവിശ്വാസത്തോടെയാണ് ഇത്തവണ ജനങ്ങളുടെ അംഗീകാരം വീണ്ടും നേടിയെടുക്കാനായി പ്രചാരണ രംഗത്തേക്കിറങ്ങിയത്. 2016ൽ അധികാരത്തിലെത്തുമ്പോൾ അഴിമതിയിൽ മുങ്ങിക്കുളിച്ച ഒരു സർക്കാർ അവശേഷിപ്പിച്ച ബാധ്യതകളിൽ നിന്നാണ് എൽഡിഎഫ് സർക്കാർ ഇന്ന് കാണുന്ന കേരളത്തെ കഴിഞ്ഞ പത്തുവർഷത്തെ കഠിനപ്രയത്നം കൊണ്ട് കെട്ടിപ്പടുത്തത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പ്രതികാര ബുദ്ധിയോടെ തന്നെ ഞെക്കിഞെരിച്ചപ്പോഴും ജനങ്ങളോടുള്ള വാഗ്ദാനങ്ങളെല്ലാം തന്നെ നടപ്പിലാക്കാനും എല്ലാരംഗത്തും പ്രകടമായ മാറ്റങ്ങൾ സൃഷ്ടിക്കാനും കഴിഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, വൈദ്യുതി, റോഡുകൾ, പാലങ്ങൾ, ഭവനനിർമ്മാണം എന്നിങ്ങനെ ആർക്കും നേരിൽക്കാണാവുന്ന തരത്തിൽ ഈ സംസ്ഥാനത്ത് വികസനമെത്തിച്ചു. ദുരിതത്തിൽ അകപ്പെട്ട ജനവിഭാഗങ്ങൾക്ക് കൈത്താങ്ങായി. കോവിഡ് ദുരിതാശ്വാസം, പ്രകൃതിദുരന്തങ്ങളിലെ കൈത്താങ്ങ്, സാമൂഹ്യക്ഷേമപെൻഷൻ വർധനവ്, പട്ടയവിതരണം തുടങ്ങി ആശ്വാസക്ഷേമപ്രവർത്തനങ്ങളിലും സമാനതകളില്ലാത്ത പ്രവർത്തനമാണ് സർക്കാർ കാഴ്ചവച്ചത്. വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി നിർമ്മിച്ച ടൗൺഷിപ്പ് ലോകത്തിന് തന്നെ മാതൃകയാക്കാവുന്ന പദ്ധതിയായി മാറി. വ്യാവസായിക മേഖലയിലും സാങ്കേതിക വികസന രംഗത്തും തൊഴിൽ മേഖലയിലും അടക്കം എണ്ണിയാൽ തീരാത്തത്ര പദ്ധതികളൊരുക്കിയ ഈ സർക്കാരിന് വീണ്ടും ഭരണത്തുടർച്ച ഉണ്ടാകണമെന്നത് ഇന്നാട്ടിലെ ജനങ്ങളുടെ ആഗ്രഹമാണ്.

എന്നാൽ ഇടതുപക്ഷത്തെയും എൽഡിഎഫ് സർക്കാരിനെയും എങ്ങനെയെങ്കിലും താഴെയിറക്കണമെന്ന് ആഗ്രഹിക്കുന്ന യുഡിഎഫും ബിജെപിയും ഈ തെരഞ്ഞെടുപ്പ് കാലത്തടക്കം ചെയ്തുകൂട്ടിയതൊക്കെ എന്താണെന്ന് ജനങ്ങൾ കൃത്യമായി മനസിലാക്കിയിട്ടുണ്ട്. വോട്ടെടുപ്പിന്റെ തൊട്ടുതലേന്ന് പോലും കേരളമെമ്പാടും ബിജെപിക്കാർ പണമൊഴുക്കിയതിന്റെ വ്യക്തമായ തെളിവാണ് പാലക്കാട്ടും തൃശൂരിലും പണവും സാരിയും ഭക്ഷണക്കിറ്റുകളുമൊക്കെ വിതരണം ചെയ്തതിലൂടെ വെളിപ്പെട്ടിരിക്കുന്നത്. ബിജെപി സ്ഥാനാർത്ഥികൾ ഈ തെരഞ്ഞെടുപ്പിൽ ഒഴുക്കിയ പണത്തിന് കയ്യും കണക്കുമില്ലെന്ന് ഓരോ മണ്ഡലത്തിലെയും പ്രചാരണപരിപാടികൾ കണ്ടാൽ മനസിലാകും. പാലക്കാട്ടും തൃശൂരിലും വോട്ടർമാരെ സ്വാധീനിക്കാൻ നേരിട്ട് പണവും ഭക്ഷണക്കിറ്റുകളുമൊക്കെ നൽകിയിട്ടുണ്ടെങ്കിൽ ഉറപ്പായും ബിജെപിക്കാർ കേരളം മുഴുവനും തന്നെ ഇത്തരത്തിൽ ജനാധിപത്യവിരുദ്ധമായ നടപടികൾ നടത്തിയിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. നിശബ്ദപ്രചാരണ ദിവസം പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിയുടെ നേതൃത്വത്തിലാണ് പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. തെരഞ്ഞെടുപ്പിന്റെ സുതാര്യതയെ അട്ടിമറിക്കാൻ പണമൊഴുക്കുന്നത് തെളിവ് സഹിതം പുറത്തുവന്നിട്ടും ഉളുപ്പില്ലാതെ നുണകൾ പടച്ചുവിടുകയാണ് ബിജെപി. തൃശൂരിൽ വോട്ടർമാരെ സ്വാധീനിക്കാൻ ആയിരക്കണക്കിന് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തതിന്റെയും വിതരണം ചെയ്യാനുള്ളവ സൂക്ഷിച്ചുവച്ചിരിക്കുന്നതിന്റെയും വിവരങ്ങൾ പുറത്തുവന്നപ്പോൾ ഭീഷണി മുഴക്കുകയായിരുന്നു ഇവർ.

പത്തുവർഷമായി ഭരണത്തിൽ നിന്ന് ജനങ്ങൾ അകറ്റിനിർത്തിയ യുഡിഎഫിന്റെ സ്ഥാനാർത്ഥി നിർണയം പോലും മറയൊട്ടുമില്ലാത്ത തമ്മിലടികളുടെയും വാക്ക്പോരുകളുടെയും ഭീഷണികളുടെയും അകമ്പടിയോടെയായിരുന്നു. സ്ഥാനാർത്ഥിത്വം സ്വയംപ്രഖ്യാപിച്ചവരും വീതംവയ്പ്പുകൾക്കൊണ്ട് അത് നേടിയെടുത്തവരും കാലുമാറ്റക്കാർക്കും അധികാരമോഹികൾക്കും അവസരം നൽകിയതും ഉൾപ്പെടെ ജനാധിപത്യത്തെയും തെരഞ്ഞെടുപ്പ് മൂല്യങ്ങളെയും അപഹസിക്കുന്നവരാണ് അധികാരത്തിലേറാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് രംഗത്തെ മര്യാദകളെല്ലാം കാറ്റിൽപ്പറത്തി ബിജെപിക്കാർ പ്രയോഗിക്കുന്ന തന്ത്രങ്ങളും യുഡിഎഫും കോൺഗ്രസും അധികാരം പിടിക്കാൻ നടത്തിയ പൊറാട്ടുനാടകങ്ങളുമെല്ലാം കേരളത്തിലെ ജനങ്ങൾ നേരിട്ട് കണ്ടതാണ്. പറയാൻ പാടില്ലാത്തതൊക്കെ പുറത്തുനിന്ന് ആളെയിറക്കി പറയിക്കുന്ന മ്ലേച്ഛവും അപഹാസ്യവുമായ പ്രചാരണരീതികളും ഇക്കുറി യുഡിഎഫ് പുറത്തെടുത്തു.

ഇതുകൊണ്ടൊന്നും കേരളത്തിന്റെ വികസനത്തെയും ജനാധിപത്യമൂല്യങ്ങളെയും ഇല്ലാതാക്കാൻ കഴിയില്ല. നുണപ്രചാരണങ്ങളും വർഗീയ ചേരിതിരിവുകളുണ്ടാക്കാനുള്ള ശ്രമങ്ങളും സാമുദായിക പ്രീണനങ്ങളും വിഘടിതശക്തികളെ കൂട്ടുപിടിച്ച് വിജയിക്കാമെന്ന വ്യാമോഹങ്ങളും യുഡിഎഫും ബിജെപിയും മാറ്റിവയ്ക്കുന്നത് തന്നെയാണ് നല്ലത്. കണ്ണുതുറന്ന് നോക്കിയാൽ യഥാർത്ഥ കേരളത്തെ, വികസിത കേരളത്തെ കാണാൻ കഴിയും. കണ്ണടച്ച് ഇവിടെയൊന്നും ഇല്ലെന്നും ഇവിടെയാർക്കും കിട്ടിയില്ലെന്നും പറയുന്നത് ഇന്നാട്ടിലെ ജനങ്ങളുടെ മുന്നിലാണെന്ന് ഓർക്കണം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ അത് ശരിക്കും ബോധ്യമാവുകയും ചെയ്യും.

Tags: editorial
Previous
വീണ്ടും തുറന്നുകാട്ടപ്പെട്ട യുഎസ് സാമ്രാജ്യത്വം
Next
സാരിയും നോട്ടും കിറ്റും പിന്നെ വനവാസവും

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment