കേരളം ഒരിക്കൽക്കൂടി രാഷ്ട്രീയ സമരത്തിന് വേദിയാവുകയാണ്. ഈ രാഷ്ട്രീയ സമരം സത്യവും അസത്യവും തമ്മിലുള്ള ഏറ്റുമുട്ടലാണ്. ധർമ്മവും അധർമ്മവും തമ്മിലുള്ള യുദ്ധമാണ്. നീതിയും അനീതിയും തമ്മിലുള്ള പോരാട്ടമാണ്. ആ പോരാട്ടത്തിൽ സത്യവും ധർമ്മവും നീതിയും വിജയിക്കണമെങ്കിൽ ജനങ്ങളുടെ ഹൃദയപക്ഷമായ, വികസന‑ക്ഷേമ പ്രവർത്തനങ്ങളുടെ സൂര്യപ്രഭ സൃഷ്ടിച്ച ഇടതുപക്ഷം വിജയിക്കണമെന്ന് രാഷ്ട്രീയ പ്രബുദ്ധതയും സാംസ്കാരിക — മതനിരപേക്ഷ ബോധമുള്ള കേരളീയ ജനത തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്നാംവട്ടവും തുടർച്ചയായി ഇടതുപക്ഷം അധികാരത്തിലെത്തി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുവാൻ പോകുന്ന ജനവിധിയാണ് ഉണ്ടാകാൻ പോകുന്നത്.
വർഗീയ ഫാസിസത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് രാഷ്ട്രത്തെ വലിച്ചിഴയ്ക്കാൻ സംഘപരിവാര ഫാസിസ്റ്റുകളുടെ ഭരണകൂടം അഹോരാത്രം യത്നിക്കുമ്പോൾ, വംശവിദ്വേഷ പ്രചാരണത്തിലൂടെ വർഗീയ ലഹളകൾക്ക് തിരികൊളുത്തുമ്പോൾ വർഗീയ കലാപങ്ങളും വംശവിദ്വേഷവും ഇല്ലാത്ത ഒരു ദശാബ്ദമാണ് ഇടതുപക്ഷ മുന്നണിയുടെ ഭരണത്തിൽ കേരളത്തിലുണ്ടായത്.
മതനിരപേക്ഷ കേരളത്തെ വർഗീയവൽക്കരിക്കുവാനും മത‑ജാതി വിവേചനം സൃഷ്ടിക്കുവാനും പരസ്പരധാരണയോടെ യുഡിഎഫും ബിജെപിയും പരിശ്രമിക്കുന്നതാണ് തെരഞ്ഞെടുപ്പ് രംഗത്ത് കേരളീയ ജനത കണ്ടത്. അക്കാര്യത്തിൽ ഒരമ്മ പെറ്റ മക്കളെപ്പോലെ കോൺഗ്രസും ബിജെപിയും കൈകോർക്കുന്നു. ഒരേ ശബ്ദത്തിൽ അവർ ഇടതുപക്ഷത്തെ എതിർക്കുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ നുണകളുടെ സാമ്രാജ്യം സൃഷ്ടിച്ച് തങ്ങൾക്കുള്ളിലെ ഉൾപ്പോസാരിയും-നോട്ടും-കിറ്റുംരുകൾ മറയ്ക്കുവാൻ യത്നിക്കുന്ന കഠിനാധ്വാനത്തിലാണ്.
മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം കാണുന്ന, മുഖ്യമന്ത്രിക്കിനാവ് കാണുന്ന വി ഡി സതീശൻ നൂറ് സീറ്റ് നേടി യുഡിഎഫ് അധികാരത്തിലെത്തിയില്ലെങ്കിൽ താൻ വനവാസത്തിനു പോകുമെന്ന ഭീഷ്മപ്രതിജ്ഞയെടുത്തു. തെരഞ്ഞെടുപ്പായപ്പോൾ വനവാസത്തിന്റെ കാര്യം അദ്ദേഹം പാടേ മറന്നുപോയി. പക്ഷേ മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ, തനിക്ക് സീറ്റ് നിഷേധിച്ച വി ഡി സതീശന്റെ വനവാസ പ്രസ്താവന മറന്നിട്ടില്ല. അദ്ദേഹം മാധ്യമങ്ങളോട് തുറന്നുപറഞ്ഞത് ‘വാക്ക് പാലിക്കേണ്ടേ. സതീശൻ വനവാസത്തിനു പോകേണ്ടി’ വരുമെന്നാണ്. തെരഞ്ഞെടുപ്പ് ഫലം എന്തായിരിക്കുമെന്ന് രണ്ടുകൂട്ടർക്കും മനസിലായി എന്നു സാരം.
കള്ളപ്പണത്തിന്റെ കുത്തൊഴുക്കാണ് തെരഞ്ഞെടുപ്പ് ഗോദയിൽ ബിജെപിയും കോൺഗ്രസും നടത്തുന്നത്. കേന്ദ്രഭരണത്തിൽ ബിജെപി കോടാനുകോടി രൂപയൊഴുക്കി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുവാൻ ശ്രമിച്ചു. ആഭാസ പരാമർശം നടത്തുന്ന രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായിരിക്കുന്ന തെലങ്കാനയിൽ നിന്നും സിദ്ധരാമയ്യയും പണച്ചാക്കായ ഡി കെ ശിവകുമാറും നയിക്കുന്ന കർണാടകയിൽ നിന്നും കോൺഗ്രസിന് കോടാനുകോടികൾ ഒഴുകിയെത്തി. അതിനുപുറമെ വയനാട് ദുരന്തത്തിന് ഇരയായവരുടെ പേരിൽ കോൺഗ്രസും യൂത്ത് കോൺഗ്രസും പിരിച്ച കോടാനുകോടികൾ, മരിച്ചവരെയും അവരുടെ അവശേഷിക്കുന്ന ബന്ധുമിത്രാദികളെയും വഞ്ചിച്ച് പണക്കൊയ്ത്ത് നടത്തിയവർ നുണ പ്രവാഹത്തിന്റെ പാതയിലാണ്.
തെരഞ്ഞെടുപ്പിൽ പണവും സാരിയും ഭക്ഷ്യക്കിറ്റുമാണ് യുഡിഎഫിന്റെയും ബിജെപിയുടെയും അടയാളപത്രങ്ങൾ. പാലക്കാട് ശോഭാ സുരേന്ദ്രൻ പണം കൈമാറുന്നതിന്റെ ചിത്രങ്ങൾ മാലോകർ കണ്ടു. ബിജെപിയും കോൺഗ്രസും സാരിവിതരണത്തിന്റെ തിരക്കിലായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ ശതകോടീശ്വരൻ പണമെറിയുന്നതിനൊപ്പം കിറ്റ് വിതരണ വിഹാരവും സൃഷ്ടിച്ചു. തൃശൂർ ജില്ലയിലെ മൂന്നിടങ്ങളിൽ നിന്നാണ് ഭക്ഷ്യക്കിറ്റുകൾ പിടികൂടിയത്. ബിജെപി പ്രാദേശിക നേതാക്കൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ജനാധിപത്യ പ്രക്രിയയെ പണം കൊണ്ടും കിറ്റ് കൊണ്ടും സാരി കൊണ്ടും കീഴ്പ്പെടുത്താമെന്ന വ്യാമോഹത്താൽ രാഷ്ട്രീയ അപചയം വന്ന ഇക്കൂട്ടരെ ജനങ്ങൾ പാടേ തിരസ്കരിക്കുമെന്നത് തീർച്ച. അതാണ് പ്രബുദ്ധമായ കേരളത്തിന്റെ രാഷ്ട്രീയ പാരമ്പര്യം. വികസനത്തെക്കുറിച്ചോ, ക്ഷേമപദ്ധതികളെക്കുറിച്ചോ വർഗീയ വിപത്തിനെക്കുറിച്ചോ ചർച്ച ചെയ്യാതെ നുണവ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ ജനങ്ങൾ കാലത്തിന്റെ യവനികയ്ക്കുള്ളിലേക്ക് തള്ളിയിടും.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment