ആരാധക ലോകം ഒന്നര പതിറ്റാണ്ടോളം കാത്തിരുന്ന ആ മഹാവിസ്മയം ഒടുവിൽ തിയേറ്ററുകളിലെത്തി. മമ്മൂട്ടിയും മോഹൻലാലും 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ച ‘പേട്രിയറ്റ്’ ആദ്യ പ്രദർശനം കഴിയുമ്പോൾ ബോക്സ് ഓഫീസിൽ പുതിയ റെക്കോഡുകൾ കുറിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. മഹേഷ് നാരായണൻ രചനയും സംവിധാനവും നിര്‍വഹിച്ച ഈ സ്പൈ ത്രില്ലർ, മലയാള സിനിമയിലെ ഇന്നുവരെയുള്ള എല്ലാ കളക്ഷൻ റെക്കോഡുകളെയും തകർത്തെറിയുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.
സിനിമയുടെ ആദ്യ പകുതി പൂർണ്ണമായും മമ്മൂട്ടിയുടെ പ്രകടനത്താൽ സമ്പന്നമാണ്. അതിഗംഭീരമായ ആക്ഷൻ രംഗങ്ങളും സ്ക്രീൻ പ്രസൻസും കൊണ്ട് അദ്ദേഹം തിയേറ്ററുകളെ ഇളക്കിമറിക്കുന്നു. ചിത്രത്തിൽ അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നതെങ്കിലും, അദ്ദേഹം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഓരോ നിമിഷവും ആരാധകർക്ക് ആവേശം പകരുന്നതാണ്. താരരാജാക്കന്മാരുടെ ഈ കൂടിച്ചേരൽ തിയേറ്ററുകളെ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പാക്കി മാറ്റിയിരിക്കുകയാണ്.
2008ൽ പുറത്തിറങ്ങിയ ‘ട്വന്റി ട്വന്റി ‘ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയ്‌ക്കൊപ്പം മറ്റ് വമ്പൻ താരനിരയും ചിത്രത്തിലുണ്ട്.
ഹരിക്കൃഷ്ണൻസിന് ശേഷം മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം കുഞ്ചാക്കോ ബോബൻ സിനിമയിൽ വീണ്ടും പ്രധാന വേഷത്തിലെത്തുന്നതും സിനിമയുടെ പ്രത്യേകതയാണ്. നയൻതാര, ഫഹദ് ഫാസിൽ, രേവതി, ദർശന രാജേന്ദ്രൻ, രാജീവ് മേനോൻ, സെറിൻ ഷിഹാബ് തുടങ്ങിയവരുടെ പ്രകടനവും കൈയടി നേടുന്നുണ്ട്.
ഏകദേശം 120 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ‘പേട്രിയറ്റ്’ മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകളിൽ ഒന്നാണ്.
സുഷിൻ ശ്യാം ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് സിനിമയുടെ നട്ടെല്ല്. ഓരോ രംഗത്തിന്റെയും ആഘാതം വർധിപ്പിക്കുന്നതിൽ സുഷിന്റെ സംഗീതം വലിയ പങ്ക് വഹിക്കുന്നു. മനുഷ് നന്ദന്റെ കാമറക്കാഴ്ചകളും മഹേഷ് നാരായണനും രാഹുൽ രാധാകൃഷ്ണനും ചേർന്നൊരുക്കിയ ചടുലമായ എഡിറ്റിംഗും സിനിമയെ ഒരു അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്പൈ ത്രില്ലറാക്കി മാറ്റുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും കെ ജി അനിൽകുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. 130 ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം വിവിധ ലൊക്കേഷനുകളിലായാണ് പൂർത്തിയായത്. കേരളത്തിലും വിദേശത്തും ഒരുപോലെ റിലീസ് ചെയ്ത ചിത്രത്തിന്റെ ടിക്കറ്റുകൾ ആദ്യ ദിനം തന്നെ അഡ്വാൻസ് ബുക്കിംഗിലൂടെ വിറ്റുപോയിരുന്നു. മലയാള സിനിമയിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമോ അതോ അതിനുമപ്പുറമോ എന്ന ചർച്ചകളാണ് ഇപ്പോൾ സിനിമാ ഗ്രൂപ്പുകളിൽ സജീവമായിരിക്കുന്നത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment