പ്രയാർ ഇടയനമ്പലം കാവിൽ പനയ്ക്കൽ ശ്രീഘണ്ഠകർണ്ണ സ്വാമി ക്ഷേത്ര ഭരണസമിതി സെക്രട്ടറി അഖിലിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവും മകനും പോലീസിന്റെ പിടിയിലായി. ദേവികുളങ്ങര പഞ്ചായത്ത് ആറാം വാർഡിൽ പുത്തൻ തറയിൽ വീട്ടിൽ ഹമീദ് കുഞ്ഞ് (72), മകൻ നിസാമുദീൻ (44) എന്നിവരെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാർച്ച് 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്രവക പുതിയ കടമുറികളുടെ പരിസരം ജെസിബി ഉപയോഗിച്ച് നിരത്തുന്നത് നോക്കിനിൽക്കുകയായിരുന്ന അഖിലിനെ പ്രതികൾ ആക്രമിക്കുകയായിരുന്നു. നിസാമുദീൻ തടിക്കഷണം കൊണ്ട് അടിക്കുകയും ഹമീദ് കുഞ്ഞ് വെട്ടുകത്തി ഉപയോഗിച്ച് തലയുടെ പിന്നിൽ വെട്ടി മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് കേസ്.
ഹമീദ് കുഞ്ഞ് നടത്തിവന്ന കടമുറി പുതുക്കിപ്പണിയുന്നത് പഞ്ചായത്ത് അധികൃതർ തടഞ്ഞതിന് പിന്നിൽ അഖിലാണെന്ന മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ചക്കുവള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് പിടികൂടിയത്.
കായംകുളം ഡിവൈഎസ്പി ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷാ, എസ്ഐ പ്രേംജിത്ത് കുമാർ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment