കോണ്‍ഗ്രസില്‍ നടക്കുന്ന സ്ഥാനത്തെ ചൊല്ലിയുള്ള വിഴുപ്പലക്കില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുസ്ലീലീഗ് രംഗത്ത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി ആരാകണമെന്ന് സംബന്ധിച്ച് കോൺഗ്രസിനകത്ത് നടക്കുന്ന തർക്കങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ മുന്നണിയെ പരിഹാസ്യരാക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
കൊടുംചൂടിൽ യുഡിഎഫിന്റെ വിജയത്തിനായി കഷ്ടപ്പെട്ട ലക്ഷക്കണക്കിന് പ്രവർത്തകരുടെ ത്യാഗത്തെ വിസ്മരിക്കുന്നതാണ് ഇത്തരം പരസ്യ തർക്കങ്ങൾ എന്ന് ലീഗ് ആരോപിക്കുന്നു. ഇത് വോട്ടർമാർക്കിടയിലും പ്രവർത്തകർക്കിടയിലും നൈരാശ്യം ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കൃത്യമായ പ്രൊസീജർ ഉണ്ടെന്നും, വോട്ടെണ്ണി ഭൂരിപക്ഷം കിട്ടിയ ശേഷം മാത്രമേ അത്തരം ചർച്ചകൾ നടത്താവൂ എന്നും പിഎംഎ സലാം വ്യക്തമാക്കി. ചർച്ചകൾ പാർട്ടിക്കുള്ളിൽ നടത്തുന്നതിൽ കുഴപ്പമില്ലെങ്കിലും അത് പൊതുസമൂഹത്തിലേക്ക് ഇട്ടത് ഉചിതമായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കെസി വേണുഗോപാലിനെ പിന്തുണച്ച് കെ സുധാകരൻ പരസ്യമായി രംഗത്ത് വന്നതും വി ഡി സതീശനായി സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചാരണങ്ങളും ലീഗ് ഗൗരവത്തോടെയാണ് കാണുന്നത്. എപി അനിൽകുമാർ പാണക്കാട് എത്തി ലീഗ് നേതാക്കളെ കണ്ടത് ഇത്തരം ചർച്ചകളുടെ ഭാഗമാണെന്ന വിലയിരുത്തലുണ്ടെങ്കിലും,തർക്കങ്ങളിൽ കക്ഷിചേരാൻ ലീഗ് താല്പര്യപ്പെടുന്നില്ല.വരാനിരിക്കുന്ന യുഡിഎഫ് ഭരണത്തിൽ അഞ്ച് മന്ത്രിസ്ഥാനങ്ങളിൽ മാത്രം ഒതുങ്ങേണ്ടതില്ലെന്നാണ് ലീഗിന്റെ പൊതുവായ വികാരം. ലീഗിന് കൂടുതൽ മന്ത്രിസ്ഥാനങ്ങൾക്ക് അർഹതയുണ്ടെന്ന് പറഞ്ഞ സലാം, എന്നാൽ നിലവിൽ അത്തരം ഡിമാൻഡുകൾ മുന്നോട്ട് വെച്ച് മുന്നണിയിൽ സമ്മർദ്ദം ചെലുത്തില്ലെന്നും അറിയിച്ചു.
മുഖ്യമന്ത്രിയുടെ കാര്യത്തിൽ കോൺഗ്രസ് എടുക്കുന്ന ഏകകണ്ഠമായ ഏത് തീരുമാനത്തെയും ലീഗ് പിന്തുണയ്ക്കുമെന്നും, മുന്നണി മര്യാദകൾ പാലിച്ചു മാത്രമേ മുന്നോട്ട് പോകൂ എന്നും പിഎംഎ സലാം അറിയിച്ചു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment