വയനാട് ചൂരൽ മലയിലുണ്ടായ ഉരുൾ ദുരന്തം എല്ലാവരും മറക്കാൻ ശ്രമിക്കുകയാണ്. അത്രമേൽ നമ്മുടെ മനസിനെ വേദനിപ്പിച്ചതായിരുന്നു അത്. നൂറുകണക്കിന് ജീവനുകൾ ഒഴുകിപ്പോയ, പ്രദേശങ്ങളപ്പാടെ വാസയോഗ്യമല്ലാതായിത്തീർന്ന, അതിജീവിച്ചവർ നിസഹായരായിപ്പോയ കറുത്തദിനമായിരുന്നു അത്. പക്ഷേ അത്യസാധാരണമായ പലതും ആ ദുരന്തം നമുക്ക് മുന്നിൽ അവതരിപ്പിച്ചു. കേരളം കൈകോർത്ത ദുരന്തനിവാരണ പ്രവർത്തനങ്ങളും അതിജീവന ശ്രമങ്ങളുമായിരുന്നു അതിൽ പ്രധാനം. അസാധ്യമെന്ന് കരുതിയ പ്രവർത്തനങ്ങൾ ദുരന്തഭൂമിയിൽ നാം കണ്ടു. അതേസമയം കേന്ദ്ര ഭരണാധികാരികളിൽ നിന്നും നമുക്കുണ്ടായത് അസാധാരണമായ മറ്റൊരനുഭവമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ടെത്തി ദുരന്തബാധിതരെ കാണുകയും കുട്ടികളെ ഒക്കത്തെടുത്ത് ലാളിക്കുകയും ചെയ്തെങ്കിലും സഹായിക്കാനുള്ള നടപടികൾ ഒന്നുമുണ്ടായില്ല. അത് പ്രഖ്യാപനങ്ങളിൽ ഒതുങ്ങി.
ദേശീയ ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ വർഷാവർഷം നൽകാൻ ബാധ്യതപ്പെട്ട തുകയ്ക്കപ്പുറം സഹായം നൽകാൻ തയ്യാറായില്ല. സഹായം വായ്പയായി നൽകിയ അപൂർവതയും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായി. വിദേശരാജ്യങ്ങളിൽ നിന്ന് ലഭിക്കുമായിരുന്ന സഹായങ്ങൾ വാങ്ങുന്നതിന് അനുവദിച്ചതുമില്ല. യഥാർത്ഥത്തിൽ ശത്രുതാപരമായ സമീപനമായിരുന്നു അവരുടെ ഭാഗത്തുനിന്നുണ്ടായത്. എങ്കിലും സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന എൽഡിഎഫ് സർക്കാർ മഹാദുരന്തത്തിൽപ്പെട്ടുപോയവരെ സഹായിക്കുന്നതിന് ആകാവുന്നതെല്ലാം ചെയ്തു.
ആദ്യം ദുരന്ത നിവാരണ പ്രവർത്തനമായിരുന്നുവെങ്കിൽ പിന്നീട് അതിജീവിച്ചവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികളായിരുന്നു. എല്ലാ കാര്യങ്ങളിലും ജനങ്ങളിൽ നിന്ന് കാരുണ്യപ്രവാഹമുണ്ടായി. അത് ചേർത്തുവച്ച് കിടപ്പാടവും ഉപജീവനവും നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം സ്വീകരിച്ച് ആ തുക വിനിയോഗിച്ചുള്ള സമഗ്ര പുനരധിവാസ പദ്ധതിയാണ് വിഭാവനം ചെയ്തത്. കിടപ്പാടം നഷ്ടപ്പെട്ടവർക്ക് ഭവനങ്ങളും തൊഴിൽ ഇല്ലാതായവർക്ക് ഉപജീവനവും ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കുന്നതിന് സന്നദ്ധമായി. സംസ്ഥാന നിയന്ത്രണത്തിലുള്ള ബാങ്കുകളിലെ വായ്പകൾ എഴുതിത്തള്ളിയും അല്ലാത്തവ ഏറ്റെടുത്തും ദുരന്തബാധിതരെ ചേർത്തുനിർത്തി.
പക്ഷേ സംസ്ഥാനത്തെ പ്രതിപക്ഷ പാർട്ടികൾ സ്വന്തമായി ദുരന്തബാധിതരെ സഹായിക്കുമെന്ന നിലപാടാണെടുത്തത്. അതിൽ പ്രധാനപ്പെട്ടതായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനങ്ങൾ. സർക്കാർ ഭവന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കിയിട്ടും അവരുടെ പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങി. തീർച്ചയായും സഹായം നൽകിയവരും സാധാരണ പൗരന്മാരും അവരുടെ ധനസമാഹരണത്തെയും പുനരധിവാസ പ്രവർത്തനങ്ങൾ വൈകുന്നത് സംബന്ധിച്ചും സ്വാഭാവിക സംശയങ്ങൾ ഉന്നയിച്ചു. അതിന് കൃത്യമായ മറുപടി നൽകുന്നതിന് സാധിച്ചില്ലെന്നു മാത്രമല്ല പരസ്പര വിരുദ്ധമായ ന്യായീകരണങ്ങളാണുണ്ടായത്.
സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണെന്നതിനാൽ പ്രധാന ചർച്ചാവിഷയമായി കോണ്‍ഗ്രസിന്റെ പണപ്പിരിവ് മാറി. ഈ സന്ദർഭത്തിൽ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടുന്നതിന് തറക്കല്ലിടൽ ചടങ്ങ് നടത്തുകയും ചെയ്തു. എന്നാൽ പ്രവൃത്തി ആരംഭിച്ചില്ല. ഇതും ചർച്ചാ വിഷയമായി. പ്രതിപക്ഷനേതാവ് ഉൾപ്പെടെ നേതാക്കളുടെ വിശദീകരണങ്ങളിലെ പൊരുത്തക്കേടുകൾ ജനങ്ങളുടെ സംശയം വർധിപ്പിക്കുന്നതായിരുന്നു. അതുകൊണ്ടുതന്നെ കണക്കുകൾ പുറത്തുവിടണമെന്ന ആവശ്യം ഉയരുകയും ചെയ്തു. ഇതിനുള്ള മറുപടിയിലും വൈരുധ്യങ്ങളായിരുന്നു മുഴച്ചുനിന്നത്.
ജനങ്ങൾക്ക് മുന്നിൽ നഗ്നരാക്കപ്പെടുന്നുവെന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് കണക്കുകൾ പുറത്തുവിട്ടത്. എന്നാൽ ഇത് അവരെ കൂടുതൽ നാണം കെടുത്തുന്നതായി. നിരവധി സംശയങ്ങളും ചോദ്യങ്ങളും ബാക്കിവയ്ക്കുന്നതായിരുന്നു ഈ കണക്കുകൾ. 5.38 കോടി രൂപയാണ് ആകെ ലഭിച്ചതെന്നും തന്റെയും പ്രതിപക്ഷ നേതാവിന്റെയും സംയുക്ത അക്കൗണ്ടിലേക്കാണ് പണം വന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആദ്യഘട്ടത്തിൽ 3.68 കോടിയും രണ്ടാംഘട്ടത്തിൽ 2.50 കോടിയും മുടക്കി ഭൂമി വാങ്ങി. ഇതിനായി 97 ലക്ഷം രൂപ അധികമായി കെപിസിസി അക്കൗണ്ടിൽ നിന്ന് വിനിയോഗിച്ചു. രജിസ്ട്രേഷനുവേണ്ട 73 ലക്ഷം രൂപ ഇനിയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. യൂത്ത് കോൺഗ്രസ് 1.05 കോടി രൂപ പിരിച്ച് നൽകി. ഫണ്ട് പിരിവിന് വേണ്ടിയുള്ള ആപ്പ് നിർമ്മിക്കുന്നതിന് ഒമ്പത് ലക്ഷമാണ് ചെലവായത്. ഇനി വീട് പണിയുന്നതിന് പിരിവ് നടത്തില്ലെന്നും അത് സ്വന്തം ഫണ്ടുപയോഗിച്ച് നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
അങ്ങനെയെങ്കിൽ വീട് പണി ആരംഭിച്ചുവെന്ന വിശദീകരണം എന്തിനാണ് നടത്തിയത്. ആപ്പിലൂടെ 50 കോടിയിലധികം രൂപ വന്നതായി നേരത്തെ വെളിപ്പെടുത്തലുണ്ടായിരുന്നു. ആ തുക എങ്ങോട്ടുപോയി? യൂത്ത് കോൺഗ്രസ് അവകാശപ്പെട്ടിരുന്ന വീടുകളുടെ സ്ഥിതി എന്തായി? കെപിസിസി അധ്യക്ഷൻ കണക്ക് പുറത്തുവിടുന്നതിന് തൊട്ടുമുമ്പും സർക്കാർ വീടുകൾ പൂർത്തിയാക്കുന്നതിനിടയിൽ തങ്ങൾ ദുരിത ബാധിതർക്ക് വീട് നൽകുമെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത് എങ്ങനെ? തുടങ്ങി നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. ഇപ്പോൾ മറ്റൊരു പ്രധാന സംശയം ഉയരുന്നുണ്ട്. ആരാണ് യഥാർത്ഥത്തിൽ നുണ പറയുന്നത്? കെപിസിസി അധ്യക്ഷനോ പ്രതിപക്ഷ നേതാവോ യൂത്ത് കോൺഗ്രസ് നേതാക്കളോ?
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment