എൽഡിഎഫ് അല്ലാതെ മറ്റാരുമില്ല എന്നുറപ്പിക്കുക

Janayugom
Developer Admin

കേരളത്തിലെ സമ്മതിദായകർ ഇന്ന് വോട്ട് ചെയ്യുകയാണ്. പതിവിൽ നിന്ന് വ്യത്യസ്തമായി പ്രചാരണം ഉൾപ്പെടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വളരെ കുറച്ച് നാളുകൾ മാത്രമേ ഇത്തവണ എല്ലാവർക്കും ലഭിച്ചുള്ളൂ. എങ്കിലും പ്രചണ്ഡമായ പ്രചാരണ പ്രവർത്തനങ്ങൾ എല്ലാ മുന്നണികളും നടത്തുകയുണ്ടായി. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും ദേശീയ, സാർവദേശീയ സംഭവ വികാസങ്ങളും സംസ്ഥാന വിഷയങ്ങൾക്കൊപ്പം ചർച്ചയാകുക സ്വാഭാവികമാണ്. സംസ്ഥാനത്ത് പത്തുവർഷമായി അധികാരത്തിലിരിക്കുന്ന സർക്കാർ ജനങ്ങൾക്കുവേണ്ടി നടപ്പിലാക്കിയ ക്ഷേമ, വികസന പ്രവർത്തനങ്ങളാണ് എൽഡിഎഫ് പ്രധാന പ്രചാരണ വിഷയമാക്കിയത്.

വ്യത്യസ്തമായൊരു കേരളം പണിയുകയായിരുന്നു ഇക്കാലയളവിൽ എൽഡിഎഫ് സർക്കാർ ചെയ്തത്. ഐക്യകേരളപ്പിറവിക്കുശേഷം അധികാരമേല്പിക്കപ്പെട്ട ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാർ മുതൽ സംസ്ഥാനം ഭരിച്ച ഇടതുപക്ഷ സർക്കാരുകളെല്ലാം ജനപക്ഷത്തുനിലക്കൊണ്ടുള്ള ക്ഷേമ, വികസന പ്രവർത്തനങ്ങൾ നടത്തിയവരാണ്. സ്വാതന്ത്ര്യത്തിനും പിന്നീട് രാജ്യവും സംസ്ഥാനവും പുതുക്കിപ്പണിയുന്നതിലും സുപ്രധാന പങ്ക് വഹിച്ചവരെന്ന നിലയിൽ കമ്മ്യൂണിസ്റ്റുകാർക്ക് അധികാരലബ്ധി വേളയിൽ ജനപക്ഷത്ത് നിലയുറപ്പിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. ആ സർക്കാരുകളുണ്ടാക്കിയ നേട്ടങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നതിനുള്ള തീരുമാനങ്ങളും നടപടികളുമാണ് പത്തുവർഷ എൽഡി
എഫ് ഭരണത്തിൽ സംസ്ഥാനത്തുണ്ടായത്.

കോൺഗ്രസും ബിജെപിയും സമ്പന്ന വിഭാഗങ്ങളെ മാത്രമാണ് പരിപോഷിപ്പിക്കുവാൻ ശ്രമിച്ചത്. അവർക്ക് വാരിക്കോരി നൽകുന്നതിനും സമ്പത്ത് വർധിപ്പിക്കുന്നതിനുമുള്ള നയങ്ങളാണ് നടപ്പിലാക്കിയത്. എന്നാൽ അടിസ്ഥാന ജനവിഭാഗങ്ങളുൾപ്പെടെ എല്ലാ പൗരന്മാരെയും സമന്മാരായി കണ്ടുള്ള വികസന പരിപ്രേക്ഷ്യവും ക്ഷേമ നടപടികളുമാണ് എൽഡിഎഫ് മുൻവച്ചത്. അതുകൊണ്ടുതന്നെ എല്ലാ വിഭാഗങ്ങളും സംതൃപ്തരായിരുന്നു. 2016, 2021 തെരഞ്ഞെടുപ്പുകളിൽ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച പ്രകടന പത്രികകളിൽ വാഗ്ദാനം ചെയ്ത പദ്ധതികളിൽ നൂറുശതമാനത്തോളം പൂർത്തിയാക്കിയാണ് ഭരണം പത്ത് വർഷം പൂർത്തിയാക്കുന്നത്. ഓരോ വർഷത്തെ പുരോഗതി റിപ്പോർട്ട് ജനസമക്ഷം സമർപ്പിക്കുകയും ചെയ്തു.

ഇത് സർക്കാരിന്റെ സുതാര്യത വ്യക്തമാക്കുന്നതും ജനങ്ങൾക്ക് വിലയിരുത്തൽ അവസരം നൽകുന്നതുമായിരുന്നു. സർക്കാർ വികസന പദ്ധതികളുടെയും ക്ഷേമാനുകൂല്യങ്ങളുടെയും നേട്ടമെത്താത്ത ഒരു പ്രദേശവും കുടുംബവും സംസ്ഥാനത്തില്ലെന്നത് അതിശയോക്തിയല്ല, യാഥാർത്ഥ്യമാണ്. ഭൂമി, ഭക്ഷണം, വാസസ്ഥലം, ഉപജീവനമാർഗം എന്നിങ്ങനെ മനുഷ്യന്റെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചു. വിജ്ഞാന സമ്പദ്ഘടന, ആരോഗ്യരംഗം, കാർഷിക മേഖല, പരമ്പരാഗത തൊഴിൽ രംഗം ജീവിതത്തിന്റെ സർവതലങ്ങളെ സ്പർശിച്ചുള്ള വികസന, ക്ഷേമ പ ദ്ധതികളാണ് നടപ്പിലാക്കിയത്. ക്ഷേമ പെൻഷന് പുറമേ സ്ത്രീ സുരക്ഷാ പദ്ധതി, കണക്ട് ടു വർക്ക് സ്കോളർഷിപ്പ് ഉൾപ്പെടെ ആവിഷ്കരിച്ച നവീന സഹാ യ പദ്ധതികളെല്ലാം ചേരുമ്പോൾ ജനസംഖ്യയിലെ മൂന്നിലൊന്നോളം പേർക്ക് സർക്കാരിന്റെ സാമ്പത്തിക സഹായം നേരിട്ട് കൈകളിലെത്തുന്നു.

വിദ്യാർത്ഥികൾ, യുവാക്കൾ എന്നിവർക്കെല്ലാം സർക്കാരിന്റെ സഹായങ്ങളെത്തുന്നു. പാഠപുസ്തകങ്ങൾ നേരത്തെയെത്തുന്നു. റോഡുകളും പാലങ്ങളും യാഥാർത്ഥ്യമാകുന്നു. തുറമുഖങ്ങൾ തുറക്കുന്നു. ഈ വിധം അസാമാന്യമായ ഇച്ഛാശക്തിയും അസാധാരണ ഭരണ നടപടികളുമാണ് എൽഡിഎഫ് സർക്കാരിൽ നിന്നുണ്ടായത്. ഇക്കാരണങ്ങളാലാണ് ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാരിന്റെ വിവിധ സൂചികകളിൽ സംസ്ഥാനം ഒന്നാമതെത്തിയത്. വിവിധ മനുഷ്യ വിഭവശേഷി വളർച്ചയിൽ ലോക രാജ്യങ്ങൾക്കൊപ്പമെത്തുകയും ചെയ്തത്.

ഇതിനൊപ്പംതന്നെ ദേശീയ, സാർവദേശീയ വിഷയങ്ങളും ഉന്നയിക്കുകയുണ്ടായി. കേരളത്തിലെ ഗ്രാമ നഗര വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ മനുഷ്യരെയും ബാധിക്കുന്നതാണ് അവ എന്നതാണ് കാരണം. പശ്ചിമേഷ്യയിലെ യുദ്ധം നമ്മുടെ അടുക്കളകളുടെ പ്രവർത്തനങ്ങൾ താളം തെറ്റിക്കുകയും ഹോട്ടലുകൾ അടച്ചുപൂട്ടുകയും ചെയ്തതിൽ കേന്ദ്രസർക്കാരിന്റെ കെടുകാര്യസ്ഥതയുമുണ്ടെന്നത് മറക്കാനാകില്ല. ഇപ്പോൾ അത് വളം ദൗർലഭ്യവും മറ്റുമായി, അടുക്കളകളിൽ നിന്ന് പാടങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യവുമുണ്ടായിരിക്കുന്നു. കേന്ദ്രസർക്കാരിന് നേതൃത്വം നൽകുന്ന ബിജെപിയുടെ വിഭാഗീയ, വിദ്വേഷ പ്രചാരണങ്ങളെ ചെറുക്കേണ്ടതിന്റെ പ്രാധാന്യവും എൽഡിഎഫ് ജനങ്ങളെ ഓർമ്മിപ്പിക്കുകയുണ്ടായി. പുറത്തുള്ള സംസ്ഥാനങ്ങളിൽ ബിജെപി പയറ്റിയിരുന്ന ഈ കുടിലതന്ത്രങ്ങൾ അവർ ഇത്തവണ കൂടുതലായി ഇവിടെയും പ്രയോഗിക്കാൻ ശ്രമിച്ചു.

മതധ്രുവീകരണം ലാക്കാക്കിയുള്ള കുപ്രചരണങ്ങളും എൽഡി
എഫിനെതിരെ ബിജെപിയും യുഡിഎഫും നടത്താൻ ശ്രമിച്ചു. അത് മനുഷ്യരുടെ സമാധാനവും സൗഹാർദവും പരസ്പര സ്നേഹവും ഇല്ലാതാക്കുന്ന വിധം അപകടകരമായിരുന്നു എന്നതിനാൽ അതിനെതിരെ ജാഗ്രത പുലർത്തണമെന്ന് എൽഡിഎഫ് ജനങ്ങളോട് വിശദീകരിച്ചു. ജനങ്ങളെ കൂടെനിർത്തി അതിനെതിരായ പോരാട്ടങ്ങൾ സംഘടിപ്പിച്ചു. ജാതി മത ചിന്തകൾക്കും സാമ്പത്തിക വേർതിരിവുകൾക്കുമപ്പുറം എല്ലാത്തിനും മീതെ മനുഷ്യനെ പ്രതിഷ്ഠിക്കുന്ന ആശയദൃഢതയാണ് എൽഡി
എഫ് പ്രകടിപ്പിച്ചത്.

സംസ്ഥാനം കൈവരിച്ച നേട്ടങ്ങളെ ഇകഴ്ത്തുകയും വ്യാജപ്രചാരണങ്ങൾ നടത്തുകയും ചെയ്ത പ്രതിപക്ഷം അങ്കലാപ്പിലാണ്. വയനാട് ദുരന്തബാധിതരുടെ പേരിൽ പിരിച്ച പണം ചെലവഴിച്ചില്ലെന്ന് ആരോപണമുനയിൽ നിൽക്കുന്ന യുഡിഎഫും ഒരു നയാപൈസപോലും നൽകാതിരുന്ന കേന്ദ്രസർക്കാരിന് നേതൃത്വം നൽകുന്ന ബിജെപിയും ഒരുപോലെ ജനങ്ങളിൽ നിന്ന് ഒറ്റപ്പെട്ട് നിൽക്കുകയാണ്. ഇതെല്ലാം പരിഗണിച്ച് എൽഡിഎഫ് അല്ലാതെ മറ്റാരുമില്ലെന്ന് ഉറപ്പിക്കുന്ന തീരുമാനമാണ് കേരളം കൈക്കൊള്ളേണ്ടത്.

Previous
ആയുധങ്ങളിൽ തീരില്ല ആശയങ്ങൾ
Next
വെഞ്ഞാറമൂട്ടിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; പ്രതി കസ്റ്റഡിയിലെന...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment