കണ്ണൂരിലെ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർത്ഥി ആർ എൽ നിതിൻരാജിന്റെ ആത്മഹത്യ പ്രബുദ്ധകേരളത്തിന്റെ പ്രതിച്ഛായക്കേറ്റ തീരാക്കളങ്കമാണ്. ജാതി വിവേചനത്തിനും സാമൂഹിക അനാചാരങ്ങൾക്കുമെതിരെ അധഃസ്ഥിത, പിന്നാക്ക ജനവിഭാഗങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കും സാമൂഹിക നവോത്ഥാനത്തിനും വേണ്ടിയുള്ള പോരാട്ടം ഒരു നൂറ്റാണ്ടിലേറെക്കാലം പിന്നിട്ടിട്ടും ജാതിവിവേചനത്തിന്റെയും സാമൂഹിക ദുരവസ്ഥകളുടെയും ജുഗുപ്സാവഹമായ അവശിഷ്ടങ്ങൾ കേരളസമൂഹത്തെ ഇപ്പോഴും പിന്തുടർന്ന് വേട്ടയാടുന്നുവെന്നത് ഒരു പരിഷ്കൃത ജനസമൂഹത്തിന് അപമാനകരമാണ്. സമൂഹത്തിന് മാതൃകയും സാമൂഹിക മാറ്റങ്ങളുടെയും പുരോഗതിയുടെയും പതാകാവാഹകരും ആകേണ്ടവരായ അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നടത്തിപ്പുകാരുമാണ് നിതിൻരാജിന്റെ ദാരുണാന്ത്യത്തിന്റെ ഉത്തരവാദികളെന്നാണ് ഇതിനകം പുറത്തുവന്ന വാർത്തകളെല്ലാം വിരൽചൂണ്ടുന്നത്. കുറ്റാരോപിതനായ ദന്തൽ അനാട്ടമി വകുപ്പുതലവൻ ഡോ. എം കെ റാം വിദ്യാർത്ഥികൾക്കെതിരായ പെരുമാറ്റദൂഷ്യങ്ങളുടെ പേരിൽ ആരോപണങ്ങൾക്കും ശിക്ഷാനടപടികൾക്കും വിധേയനാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ജാതിയുടെയും നിറത്തിന്റെയും ശാരീരിക സവിശേഷതകളുടെയും പേരിൽ അപമാനിക്കുക, അക്കാദമികവിഷയങ്ങളിലും നടപടിക്രമങ്ങളിലും വിവേചനപൂർവവും വൈരനിര്യാതനബുദ്ധിയോടെയും പെരുമാറുക തുടങ്ങിയവയുടെ പേരിലും റാം ആരോപണവിധേയനാണ്. ഇയാളും നിതിൻ രാജിന്റെ ദുരന്താന്ത്യത്തിൽ ആരോപണവിധേയയായ മറ്റൊരധ്യാപിക ഡോ. കെ ടി സംഗീതാ നമ്പ്യാരും സംഭവത്തെത്തുടർന്ന് ഒളിവിലാണ്.
സംഭവത്തിൽ പൊലീസ് കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ പട്ടികജാതി കമ്മിഷനും സംസ്ഥാന പട്ടികജാതി പട്ടികവർഗ കമ്മിഷനും ബന്ധപ്പെട്ട പൊലീസ് അധികാര കേന്ദ്രങ്ങളോട് സമയബന്ധിതമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന യുവജന കമ്മിഷനും വിഷയത്തിൽ സംയോജിതമായ ഇടപെടലിന് മുതിർന്നിട്ടുണ്ട്. സ്വാഭാവത്തിലും ഉള്ളടക്കത്തിലും വ്യത്യസ്തമെങ്കിലും പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിൽ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാര്‍ത്ഥ് ക്രൂരമായ റാഗിങ്ങിനെത്തുടർന്ന് ആത്മഹത്യചെയ്ത സംഭവമടക്കം അപൂർവം ദുരന്തങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കരുതലോടെയുള്ള ഇടപെടലുകൾക്ക് ബന്ധപ്പെട്ടവർ തയ്യാറാവണം. ജാതി വിവേചനത്തിന്റെയും പീഡനത്തിന്റെയും പേ രിൽ കേരളത്തിലെ കാമ്പസുകളിൽ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യത്തെ സംഭവമാണ് നിതിൻ രാജിന്റേത്. എന്നാൽ, കേരളത്തിലെ കാമ്പസുകൾ ജാതിവിവേചന, പീഡന വിമുക്തമാണെന്ന് കരുതുന്നത് മൗഢ്യമാണ്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവേചനങ്ങളും പരോക്ഷവും മാനസികവുമായ പീഡനങ്ങളും സമൂഹം പൊതുവിൽ തിരിച്ചറിയപ്പെടാതെ പോകുന്നുവെന്നതാണ് വസ്തുത. രാഷ്ട്രീയ അവബോധമുള്ള വിദ്യാർത്ഥി — അധ്യാപക സംഘടനകളുടെ അഭാവത്തിൽ കേരളത്തിലെ പല സ്വകാര്യ, സ്വാശ്രയ കാമ്പസുകളിലും അത്തരം അടിയൊഴുക്കുകൾ സജീവമാണ്. അത് തിരിച്ചറിയാനും സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥ നേരിടുന്ന വിഭാഗങ്ങളെ വിവേചനങ്ങളിൽ നിന്നും അതിക്രമങ്ങളിൽ നിന്നും ഒറ്റപ്പെടുത്തലുകളില്‍ നിന്നും സംരക്ഷിക്കാനുള്ള സുരക്ഷിതവലയം സൃഷ്ടിക്കാനും സമൂഹത്തിന് ബാധ്യതയും ഉത്തരവാദിത്തവും ഉണ്ട്.
നിതിൻ രാജിനുണ്ടായ ദുരന്തപൂർണമായ അന്ത്യവും ആ പാവപ്പെട്ട ചെറുപ്പക്കാരന്റെ കുടുംബത്തിനുണ്ടായ തീരാദുഃഖവും സമൂഹത്തിന്റെയും സർക്കാരിന്റെയും കണ്ണുതുറപ്പിക്കണം. ഭവനരഹിതരും നിർധനരുമായ ആ കുടുംബത്തിന്റെ ഏക പ്രതീക്ഷയും അവലംബവുമാണ് പൊലിഞ്ഞത്. ആ കുടുംബം അനാഥമായിക്കൂടാ. അവരുടെ പുനരധിവാസത്തിന് ഉതകുന്ന വീടും ജീവിതസുരക്ഷയ്ക്ക് ആവശ്യമായ സഹായധനവും നൽകാൻ സംസ്ഥാനസർക്കാർ, ആവശ്യമെങ്കിൽ നല്ലവരായ പൊതുജനങ്ങളുടെ പിന്തുണയോടെ, മുന്നോട്ടുവരുമെന്ന് സമൂഹം സ്വാഭാവികമായും പ്രതീക്ഷിക്കുന്നു. നിതിൻ രാജിന്റെ ജീവൻ അപഹരിക്കാൻ കരണമായവരെയും, അറിഞ്ഞോ അറിയാതെയോ അത്തരമൊരു ദുരന്തം തടയുന്നതിൽ പരാജയപ്പെട്ട സ്ഥാപനമേധാവികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും ഇപ്പോൾ ആരംഭിച്ച അന്വേഷണ സംവിധാനത്തിന് കഴിയണം. സമൂഹത്തിന്റെയും സർക്കാരിന്റെയും ഉത്തരവാദിത്തം അവിടംകൊണ്ട് അവസാനിക്കുന്നില്ല. കേരളത്തിലെ കാമ്പസുകളിൽ ജാതിയുടെയും മതത്തിന്റെയും വർണത്തിന്റെയും ലിംഗത്തിന്റെയും പേരിലോ മറ്റേതെങ്കിലും കാരണങ്ങളാലോ വിവേചനങ്ങളോ വിദ്വേഷ പ്രവണതകളോ അതിക്രമ, പീഡന സാധ്യതകളോ നിലനില്‍ക്കുന്നുണ്ടെങ്കിൽ അവയെ പൂര്‍ണമായും ഉന്മൂലനംചെയ്യാൻ സമൂഹത്തിനും സർക്കാർ സംവിധാനത്തിനും എന്തുചെയ്യാൻ കഴിയുമെന്ന് ചിന്തിക്കാനും ഉത്തരം കണ്ടെത്താനും ഈ ദുരന്തം നമ്മെ നിർബന്ധിതമാക്കുന്നു. ജാതി വിവേചനമടക്കം എല്ലാത്തരം വിവേചനങ്ങൾക്കും വിഭാഗീയ പ്രവണതകൾക്കും വിദ്വേഷ പ്രേരിതമായ അക്രമങ്ങൾക്കും ഹിംസാത്മകതയ്ക്കും അറുതിവരുത്തുന്നതിലൂടെയേ നിതിൻ രാജിന്റെ സ്മരണയോടും ആ പാവപ്പെട്ട കുടുംബത്തോടും കേരളീയ സമൂഹത്തിന് നീതി പുലർത്താനാവൂ.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment