പശ്ചിമേഷ്യയില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുക എന്നത് ഇസ്രയേല്‍ വര്‍ഷങ്ങളായി തുടരുന്ന അധിനിവേശ നയത്തിന്റെ തുടര്‍ച്ചയാണ്. ഗോലാന്‍ കുന്നുകളിലും ഗാസയിലുമൊക്കെ കടന്നുകയറി സ്വന്തം കോളനികള്‍ സൃഷ്ടിക്കുക, പലസ്തീനില്‍ നിരന്തരം അക്രമങ്ങള്‍ നടത്തുക എന്നതെല്ലാം കാലങ്ങളായി തുടരുന്നു. ഇസ്രയേല്‍ എന്ന രാഷ്ട്രം തന്നെ ഹിറ്റ്ലറുടെ വംശഹത്യയില്‍ നിന്നും ഭാഗ്യംകൊണ്ട് രക്ഷപ്പെട്ട, ജൂതന്മാര്‍ക്കായി സൃഷ്ടിക്കപ്പെട്ടതാണ് എന്ന് വളരെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഇസ്രയേലികള്‍ മറന്നു. ഇപ്പോഴിതാ ഹിറ്റ്ലറെപ്പോലും ലജ്ജിപ്പിക്കുന്ന ക്രൂരതയോടെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും സാധാരണ ജനങ്ങളെയും കൊന്നുതള്ളുന്നതില്‍ ആനന്ദിക്കുന്ന അതിനീചനായ നെതന്യാഹുവാണ് ഇസ്രയേലിന്റെ പ്രധാനമന്ത്രി. 2023 ഒക്ടോബര്‍ മാസം മുതല്‍ ഗാസ മുനമ്പിലെ ജനതയെ ഹമാസ് അക്രമത്തിന്റെ പേരും പറഞ്ഞ് കൊന്നൊടുക്കാന്‍ തുടങ്ങിയ ഇസ്രയേല്‍, ഗാസയില്‍ മാത്രം ഒരുലക്ഷത്തോളം സാധാരണ ജനങ്ങളെ കൊല്ലുകയും ഒന്നര ലക്ഷത്തോളം ജനങ്ങളെ അഭയാര്‍ത്ഥികളാക്കുകയും ചെയ്തു. ഇസ്രയേലിന്റെ എക്കാലത്തെയും ലക്ഷ്യം ഇറാനായിരുന്നുവെങ്കിലും ഡൊണാള്‍ഡ് ട്രംപിനെപ്പോലെ ആര്‍ത്തിപിടിച്ച ഒരു വിഡ്ഡി അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയപ്പോള്‍ മാത്രമാണ് നെതന്യാഹുവിന് ഇറാനെ ആക്രമിക്കുവാന്‍ അമേരിക്കന്‍ സൈനിക സഹായം ഉറപ്പായത്. ഇതിന് സഹായകമായത് നെതന്യാഹുവിന്റെ രഹസ്യാന്വേഷണ വിഭാഗം മൊസാദിന്റെ ചാരനായിരുന്ന എപ്‌സ്റ്റീന്‍ എന്ന ലൈംഗിക കുറ്റവാളിയുടെ സ്വകാര്യ ദ്വീപിലെ നിരന്തര സന്ദര്‍ശകനായിരുന്നു ഡൊണാള്‍ഡ് ട്രംപ് എന്നതാവാമെന്നാണ് അമേരിക്കന്‍ പത്രങ്ങള്‍ തന്നെ പറയുന്നത്.
ട്രംപിന്റെ നിലവിലെ ഭാര്യ മെലാനി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട ഒരു മോഡലായിരുന്നു എന്നും ആരോപണമുണ്ട്. 2014നും 17നുമിടയില്‍ ഇപ്പോഴത്തെ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ് പുരി എപ്‌സ്റ്റീനുമായി 62 ഇ‑മെയില്‍ സന്ദേശങ്ങള്‍ അന്യോന്യം കൈമാറിയിട്ടുണ്ടെങ്കിലും കേന്ദ്രസര്‍ക്കാര്‍ നടത്തിയ ആഭ്യന്തര അന്വേഷണം പുരിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുകയാണ് എന്നുകൂടി ഈ സന്ദര്‍ഭത്തില്‍ പറയേണ്ടിയിരിക്കുന്നു.
ഡൊണാള്‍ഡ് ട്രംപ് വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ആയതോടെ ഇറാനെതിരെ 2026 ഫെബ്രുവരിയില്‍ യുഎസ് — ഇസ്രയേല്‍ സഖ്യം വ്യാപകമായ ആക്രമണം അഴിച്ചുവിട്ടു. ഇറാനുമായി അമേരിക്ക ആണവ നിര്‍വ്യാപന കരാറുകള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കെ ആയിരുന്നു ആക്രമണം. ഈ ആക്രമണത്തിന് പിറകില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയത് ജ്യുയിഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി ഓഫ് അമേരിക്ക, അമേരിക്കന്‍ ഇസ്രയേല്‍ പബ്ലിക് അഫയേഴ്സ് കമ്മിറ്റി എന്നീ ജൂത സംഘടനകളാണ്. ഇറാന്റെ മണ്ണില്‍ എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് നടത്തിയ വ്യോമാക്രമണങ്ങളില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി, സൈന്യത്തലവന്‍ അലി ലാരിജാനി എന്നിവരടക്കമുള്ള ഉന്നത നേതാക്കള്‍ വധിക്കപ്പെട്ടു. പക്ഷെ, ആത്മവീര്യം നഷ്ടപ്പെടാതെ ഇറാന്‍ പൊരുതി. 40 ദിവസത്തെ യുദ്ധത്തിനിടയില്‍ അമേരിക്കയുടെ ഗള്‍ഫ് മേഖലയിലെ യുദ്ധത്താവളങ്ങള്‍ക്കും ഇസ്രയേലിനും കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചു. ഈ അധിനിവേശത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങളുയര്‍ന്നു. നാറ്റോ സഖ്യരാജ്യങ്ങളായ ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍, ഓസ്ട്രേലിയ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളെല്ലാം യുദ്ധത്തെ അപലപിച്ചു. അമേരിക്കയുടെ ഏറ്റവുമടുത്ത സഖ്യരാഷ്ട്രമായ ബ്രിട്ടന്‍ പോലും ട്രംപിന്റെ യുദ്ധക്കൊതിക്കെതിരെ നിലകൊണ്ടു. ക്രിസ്തീയ സഭകളുടെ തലവന്‍ അഭിവന്ദ്യ പോപ്പ് ലിയോ പതിനാലാമന്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം ഈസ്റ്റര്‍ സന്ദേശത്തില്‍ അധിനിവേശത്തെ തള്ളിപ്പറഞ്ഞു.
യുദ്ധം മുപ്പത് ദിവസം പിന്നിടുമ്പോഴേക്ക് ഇറാന്‍ വളരെ സമര്‍ത്ഥമായിത്തന്നെ അമേരിക്കന്‍ റഡാറുകള്‍, ഇസ്രയേലിന്റെ പ്രസിദ്ധമായ പ്രതിരോധ സംവിധാനം അയേണ്‍ ഡോം എല്ലാം തകര്‍ത്തുകൊണ്ട് ഇസ്രയേലിനകത്തും അമേരിക്കന്‍ വ്യോമ താവളങ്ങളിലും മിസൈലുകള്‍ വര്‍ഷിച്ചു. അമേരിക്കയ്ക്ക് മാത്രം 50,000 കോടി ഡോളറിലധികം വരുന്ന പടക്കോപ്പുകള്‍ ഇല്ലാതായി. വ്യോമ പ്രതിരോധത്തിനുള്ള ഇന്റര്‍ സെപ്റ്ററുകള്‍ക്കുപോലും ക്ഷാമം നേരിട്ടു. അമേരിക്കയിലും ഇസ്രയേലിലും ജനങ്ങള്‍ യുദ്ധത്തിനെതിരെ അണിനിരന്നു. ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്ക് വെറും ജല്പനങ്ങളുടെ പോലും വില ഇറാന്‍ നല്‍കിയില്ല. തകര്‍ന്ന ട്രംപ് പാകിസ്ഥാന്‍ വഴി സ്വന്തം മുഖം രക്ഷിക്കാനായി യുദ്ധത്തിന്റെ നാല്പതാം ദിവസം ഇറാനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറായി. ഇറാന്‍ 10 ആവശ്യങ്ങളാണ് ചര്‍ച്ചയ്ക്കായി മുന്നോട്ടുവച്ചത്. ഒന്ന്: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ യാത്ര ഇറാന്‍ സായുധ സേനയുടെ അനുമതിയോടെ മാത്രം. കപ്പലുകളില്‍ നിന്നും ഇറാന്‍ ഫീസ് ഈടാക്കും. രണ്ട്: എല്ലാ ഘടകങ്ങള്‍ക്കുമെതിരെയുള്ള (പലസ്തീന്‍, ഗാസ തുടങ്ങി) യുദ്ധം അവസാനിപ്പിക്കണം. മൂന്ന്: മേഖലയിലെ എല്ലാ താവളങ്ങളില്‍ നിന്നും യുഎസ് സേനയെ പിന്‍വലിക്കണം. നാല് : ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ അധികാരം അംഗീകരിക്കുക. അഞ്ച്: യുദ്ധത്തില്‍ ഇറാന് സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം നല്‍കണം. ആറ്: ഇറാനെതിരെ നിലവിലുള്ള എല്ലാ ഉപരോധങ്ങളും പിന്‍വലിക്കണം. ഏഴ്: വിദേശത്ത് അമേരിക്ക മരവിപ്പിച്ച ഇറാന്റെ എല്ലാ സ്വത്തുക്കളും തിരിച്ചുലഭിക്കണം. എട്ട്: ഊര്‍ജ ആവശ്യങ്ങള്‍ക്കുള്ള യുറേനിയം സമ്പുഷ്ടീകരണ പദ്ധതികള്‍ തുടരും. ഒമ്പത്: ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളുടെമേലുള്ള ഉപരോധം നീക്കം ചെയ്യുക. പത്ത്: മേല്‍ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കുന്നതുവരെ താല്‍ക്കാലിക യുദ്ധവിരാമം.
ഈ നിബന്ധനകള്‍ വായിക്കുമ്പോള്‍ തന്നെ നമുക്ക് മനസിലാകുന്നത് അമേരിക്കയും ഇസ്രയേലും നാളിതുവരെ എന്തൊക്കെ ആവശ്യങ്ങള്‍ ഉന്നയിച്ചാണോ ഇറാനെതിരെ യുദ്ധം ചെയ്തത്, ആണവ നിരായുധീകരണം, ഭരണമാറ്റം തുടങ്ങി എല്ലാ വിഷയങ്ങളിലും അവര്‍ പരാജയം സമ്മതിക്കണം എന്നാണ്. കൂടാതെ പുതിയ ഒരു നിബന്ധനകൂടി വരുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെ 40 ദിവസം മുമ്പുവരെ എല്ലാ രാജ്യങ്ങളുടെയും കപ്പലുകള്‍ സ്വതന്ത്രമായി കടന്നുപോയിടത്ത് ഇറാന്റെ പരമാധികാരം മാനിക്കേണ്ടതായി വരുന്നു. നികുതി നല്‍കേണ്ടതായി വരുന്നു. ഏപ്രില്‍ 11ന് ഇസ്ലമാബാദില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ മധ്യസ്ഥതയില്‍ മേല്‍പ്പറഞ്ഞ 10 ആവശ്യങ്ങളിലൂന്നി അമേരിക്കയും ഇറാനും തമ്മില്‍ നടന്ന ചര്‍ച്ച 21 മണിക്കൂറിന് ശേഷം കരാറിലെത്താതെ അവസാനിച്ചു.
ചര്‍ച്ചകളുടെ വിജയത്തെക്കുറിച്ച് ലോക നയതന്ത്രവൃത്തങ്ങളില്‍ വലിയ ശുഭപ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. പ്രധാന കാരണം ഈ ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ ഏത് രീതിയിലും നെതന്യാഹു ശ്രമിക്കുമെന്നുള്ളതും അമേരിക്കന്‍ സംഘത്തെ നയിച്ച വൈസ് പ്രസിഡന്റ് വാന്‍സ് യുദ്ധത്തെ എതിര്‍ത്തിരുന്ന ആളാണെങ്കിലും ജൂതനും ട്രംപിന്റെ മകളുടെ ഭര്‍ത്താവുമായ ജറന്‍ഡ് കുഷ്നര്‍, ജൂത ലോബിയുടെ കൂടെ നില്‍ക്കുന്ന സ്റ്റീവ് വിറ്റ്കോഫ് എന്നിവരായിരുന്നു അമേരിക്കന്‍ സംഘത്തിലെ പ്രധാനികള്‍. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഖാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരഗാച്ചി എന്നിവരുടെ നേതൃത്വത്തിലുള്ള 70 അംഗസംഖ്യമാണ് ഇറാനെ പ്രതിനിധീകരിച്ചത്. ഏഷ്യന്‍ രാജ്യങ്ങളില്‍ കൊറിയ മുതലിങ്ങോട്ട് വിയറ്റ്നാം, കംബോഡിയ, അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ, ലിബിയ തുടങ്ങി ഇപ്പോള്‍ ഇറാന്‍ വരെ അമേരിക്ക നടത്തിയ ഭ്രാന്തമായ അധിനിവേശങ്ങളെല്ലാം പരാജയപ്പെട്ടുവെങ്കിലും വീണ്ടും ദുഃസാഹസങ്ങള്‍ക്ക് മുതിരാന്‍ ട്രംപ് ഒരുങ്ങാതിരിക്കട്ടെ.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment