Related News

46 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കി; മുഖ്യമന്ത്രി സ്ഥാനം ഉറപ്പാക്കാൻ ചരടുവലി ശക്തമാക്കി കെ സി വേണുഗോപാൽ

Janayugom
Developer Admin

നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ചർച്ചകൾ സജീവം. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിമുറുക്കിയതോടെ പോര് പുതിയ തലത്തിലേക്കെത്തി. നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും അവകാശവാദങ്ങളുമായി രംഗത്തുണ്ട്. 63 കോൺഗ്രസ് എംഎൽഎമാരിൽ 35 പേർ വേണുഗോപാലിനൊപ്പമുണ്ടെന്ന് കരുതപ്പെടുന്നു. ഇതിനുപുറമെ എ ഗ്രൂപ്പിലെ 8 പേരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ കൂടി ചേരുമ്പോൾ 46 പേരുടെ ബലം തങ്ങൾക്കുണ്ടെന്ന് ഇവർ അവകാശപ്പെടുന്നു. 

തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിലും ഡൽഹി കേരള ഹൗസിലും ‘ദി റിയൽ ലീഡർ’ എന്ന വിശേഷണത്തോടെ വേണുഗോപാലിനായി ഫ്ലക്സുകൾ ഉയർന്നു കഴിഞ്ഞു. ‘കുഞ്ഞൂഞ്ഞിന് (ഉമ്മൻചാണ്ടി) ശേഷം കെ. സി’ എന്ന അടിക്കുറിപ്പോടെ കൊച്ചിയിലും ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. എഐ കാമറ അഴിമതി, കെ-ഫോൺ ക്രമക്കേട് തുടങ്ങിയ വിഷയങ്ങളിൽ സതീശൻ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. തെളിവുകളില്ലാതെ ‘ചീപ്പ് പബ്ലിസിറ്റി‘ക്കായി കോടതിയെ സമീപിക്കരുത് എന്ന് ഹൈക്കോടതി നൽകിയ മുന്നറിയിപ്പ് സതീശന് വലിയ തിരിച്ചടിയായി. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ സർക്കാരിനെതിരെ ശക്തമായ ഒരു ജനകീയ സമരം പോലും സംഘടിപ്പിക്കാൻ സതീശന് കഴിഞ്ഞില്ലെന്ന് ഒരു വിഭാഗം പ്രവർത്തകർ ആരോപിക്കുന്നു. ഭരണ പരിചയമില്ലാത്തതും അദ്ദേഹത്തിന് തിരിച്ചടിയായേക്കും.

മുതിർന്ന നേതാവ് എന്ന നിലയിലുള്ള അനുഭവസമ്പത്താണ് ചെന്നിത്തലയുടെ കരുത്ത്. എന്നാൽ 2021ലെ തോൽവി അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗ്രാഫിനെ ബാധിച്ചിട്ടുണ്ട്. അന്ന് ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണയുണ്ടായിട്ടും ഹൈക്കമാൻഡ് സതീശനെ പ്രതിപക്ഷ നേതാവാക്കിയത് ചെന്നിത്തലയ്ക്ക് തിരിച്ചടിയായിരുന്നു. ഇത്തവണ അർഹമായ പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ അനുയായികൾ. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്ന വേണുഗോപാൽ കാലാവധി തീരും മുൻപേ രാജിവെച്ച് ആലപ്പുഴയിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചത് കേരള മുഖ്യമന്ത്രി പദം ലക്ഷ്യമിട്ടാണെന്ന സൂചനകൾ ശക്തമാണ്. ഗാന്ധി കുടുംബവുമായുള്ള അടുത്ത ബന്ധം വേണുഗോപാലിന് അനുകൂല ഘടകമാണ്. വിജയാഹ്ലാദ പ്രകടനങ്ങളിൽ മൂന്ന് നേതാക്കളുടെയും അനുയായികൾ വെവ്വേറെ ഫ്ലക്സുകൾ ഉയർത്തിയത് പാർട്ടിയിലെ ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നു. ഹൈക്കമാൻഡ് ഇടപെട്ട് ആരെ മുഖ്യമന്ത്രിയായി നിശ്ചയിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് കേരളം.

Previous
ട്രാക്ക്‌ അറ്റകുറ്റപ്പണി; ട്രെയിൻ സർവീസിൽ മാറ്റം
Next
തമിഴ് നാട്ടില്‍ ബിജെപിയെ തൂത്തെറിഞ്ഞ് ജനങ്ങള്‍

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment