കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ എഐസിസി നടപടികൾ വേഗത്തിലാക്കി. മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് അറിയിച്ച ഹൈക്കമാൻഡ്, പാർട്ടി എംഎൽഎമാരുമായും മുതിർന്ന നേതാക്കളുമായും ചർച്ച നടത്തുന്നതിനായി രണ്ട് ദേശീയ നിരീക്ഷകരെ കേരളത്തിലേക്ക് നിയോഗിച്ചു. മുഖ്യമന്ത്രി പദവി സംബന്ധിച്ച് തീരുമാനമെടുക്കാൻ ഇന്ന് ഡൽഹിയിൽ മുതിർന്ന നേതാക്കളുടെ നിർണായക യോഗം ചേർന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, ജയറാം രമേശ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യോഗം വിശദമായി വിലയിരുത്തി. പരിചയസമ്പന്നരായ രണ്ട് മുതിർന്ന നേതാക്കളെയാണ് നിരീക്ഷകരായി കേരളത്തിലേക്ക് അയക്കുന്നത്. കേരളത്തിൽ നിയമസഭാ കക്ഷി യോഗം ചേരുന്ന ദിവസം തന്നെ നിരീക്ഷകർ എത്തും. ഓരോ എംഎൽഎമാരുമായും വ്യക്തിപരമായി സംസാരിച്ച് അവരുടെ താൽപ്പര്യം നിരീക്ഷകർ ഹൈക്കമാൻഡിനെ അറിയിക്കും. ഇതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. അതേസമയം, തമിഴ്‌നാട്ടിലെ രാഷ്ട്രീയ നീക്കങ്ങളിലും ഹൈക്കമാൻഡ് നിലപാട് വ്യക്തമാക്കി. തമിഴക വെട്രി കഴകം നേതാവ് വിജയ് കോൺഗ്രസ് പിന്തുണ ആവശ്യപ്പെട്ട് നൽകിയ കത്തിന്മേലുള്ള തീരുമാനം തമിഴ്‌നാട് പിസിസിക്ക് വിട്ടു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment