കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ (ഇസിഐ) ഉൾപ്പെടെ ഭരണഘടനാ സ്ഥാപനങ്ങൾ പക്ഷപാതത്തിന്റെയും സുതാര്യതയില്ലായ്മയുടെയും പേരിൽ വിവാദ മുനമ്പിൽ നിൽക്കുകയാണ്. രാജ്യത്തെ വിവിധ ജനവിഭാഗങ്ങളുടെ സാമൂഹ്യ ഉൾച്ചേർക്കലും അവകാശ സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വിവിധ കമ്മിഷനുകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ഭരണഘടനാപരമായും നിയമപരമായുമുള്ള ചട്ടക്കൂടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇത്തരം കമ്മിഷനുകൾക്ക് രാജ്യത്ത് നിർണായക സ്ഥാനമാണുള്ളത്. അതിൽ ഇസിഐ പോലെതന്നെ പ്രാധാന്യമുള്ളവയാണ് യുപിഎസ്‌സി, ധനകാര്യ കമ്മിഷൻ, മനുഷ്യാവകാശ കമ്മിഷൻ, പിന്നാക്ക വിഭാഗ കമ്മിഷൻ, കേന്ദ്ര വിജിലൻസ് കമ്മിഷൻ, നാഷണൽ കമ്മിഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സ് (എൻസിഎസ്‌ടി) തുടങ്ങിയവ. ഒഴിവുവരുന്ന സ്ഥാനങ്ങളിൽ നിയമനം നടത്തുന്നതിൽ അതാത് കാലത്തെ ഭരണ സംവിധാനത്തിന് മേൽക്കൈയ്യുണ്ടാകുന്ന രീതിയാണ് നിലവിലുള്ളതെങ്കിലും ഒരു പരിധിവരെ ഇത്തരം സ്ഥാപനങ്ങൾ ഭരണഘടനാപരവും സുതാര്യവും നിയമപരവും നിഷ്പക്ഷവുമായി പ്രവർത്തിക്കുന്നതാണ് കീഴ്‌വഴക്കം. എന്നാൽ ബിജെപി ഭരണകാലത്ത് ഇസിഐയെ പോലെ തന്നെ ഇതര കമ്മിഷനുകളും പക്ഷപാതിത്വം കാട്ടുന്നുന്നുവെന്ന ആരോപണങ്ങൾ വ്യാപകമായി ഉയരുന്നുണ്ട്.
അതിലൊന്നായിരുന്നു അടുത്തിടെ എൻസിഎസ്‌ടി കൈക്കൊണ്ട ചില നടപടികൾ. കുംഭമേളയിലെ വൈറൽ താരമായ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ഏകപക്ഷീയവും സംശയാസ്പദവുമായ നടപടിയാണ് എൻസിഎസ്‌ടിയിൽ നിന്നുണ്ടായത്. ഇന്റർനെറ്റിൽ തരംഗമായി മാറിയ പെൺകുട്ടി ഇതര മതസ്ഥനെ വിവാഹം ചെയ്ത് ജീവിക്കുന്നതിന് സുരക്ഷിത ഇടമെന്ന നിലയിൽ കേരളത്തിൽ എത്തുകയായിരുന്നു. ഇവിടെ വച്ച് നിയമപരമായ എല്ലാ പരിശോധനകൾക്കും ശേഷം വിവാഹം നടത്തുകയും ചെയ്തു. പ്രായപൂർത്തിയായെന്ന് ഒന്നിലധികം രേഖകളുടെ അടിസ്ഥാനത്തിൽ ഉറപ്പാക്കുകയും അക്കാര്യം പെൺകുട്ടിയുടെ പിതാവിനെ ബോധ്യപ്പെടുത്തുകയും ചെയ്തതിനു ശേഷമായിരുന്നു നിരവധി പേരുടെ സാന്നിധ്യത്തിൽ വിവാഹം നടന്നത്. ഇവിടെയും കഴുകൻ കണ്ണുകളും വിദ്വേഷ മനോഭാവവുമുള്ള ചിലർ ഇതിനെതിരെ ആക്ഷേപമുന്നയിച്ചു. അത്തരമൊരു സന്ദർഭത്തിൽ പെൺകുട്ടിയുടെ സുരക്ഷയും ഭാവിയും പരിഗണിച്ച് നിലപാട് സ്വീകരിക്കേണ്ട സംവിധാനമായിരുന്നു എൻസിഎസ്‌ടി. എന്നാൽ തികച്ചും ഏകപക്ഷീയവും വിദ്വേഷവും വിഭാഗീയതയും അടിസ്ഥാനമാക്കി ആരോപണമുന്നയിച്ചവരുടെ നിക്ഷിപ്ത താല്പര്യങ്ങൾക്ക് അനുസൃതവുമായ സമീപനം സ്വീകരിച്ച് പ്രശ്നം വഷളാക്കുന്നതിനാണ് കമ്മിഷൻ ശ്രമിച്ചത്.
ഇതിന്റെ ഫലമായി പെൺകുട്ടിയുടെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തു. പെൺകുട്ടിക്ക് മാനസികവും ശാരീരികവുമായുണ്ടാകുന്ന സംഘർഷം പരിഹരിക്കുന്നതിന് ഇടപെടേണ്ട കമ്മിഷൻ മധ്യപ്രദേശിലെ സർക്കാരിനെ സ്വാധീനിച്ച് ഇത്തരമൊരു നടപടിയെടുത്തുകൊണ്ട് ബിജെപിയുടെയും നിക്ഷിപ്ത തല്പരരുടെയും പാവയാണെന്ന് സ്വയം തെളിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ പ്രായത്തെ കുറിച്ച് രേഖാമൂലമായ പരാതി ലഭിച്ചതായി വ്യക്തതയില്ല. എങ്കിലും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ നടപടിയെടുക്കാൻ തുനിഞ്ഞതിന്റെ ആത്യന്തിക ആഘാതമുണ്ടാകുക പെൺകുട്ടിക്കാണ്. പെൺകുട്ടി എസ്‌ടി വിഭാഗത്തിലാണെന്നതിനാൽ അവരുടെ സുരക്ഷയും അവകാശ സംരക്ഷണവുമാണ് കമ്മിഷന്റെ ഉത്തരവാദിത്തമെങ്കിലും സവർണത്തമ്പുരാക്കന്മാരുടെയും വിദ്വേഷവും വിഭാഗീയതയും അജണ്ടയാക്കിയ തല്പര കക്ഷികളുടെയും കൂടെനിന്ന് അനാവശ്യ വ്യവഹാരങ്ങൾ സൃഷ്ടിക്കാനാണ് കമ്മിഷൻ തയാറായത്.
ഇതിന് പിന്നാലെയാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രവർത്തനങ്ങളും ഇതിന് സമാനമാണെന്ന് ബോധ്യപ്പെടുത്തുന്ന നിരീക്ഷണങ്ങൾ അലഹബാദ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. നിശിത പരാമർശങ്ങളാണ് ഭിന്നവിധി പ്രകാരമാണെങ്കിലും കോടതിയിൽ നിന്നുണ്ടായത്. ന്യൂനപക്ഷങ്ങൾക്കെതിരെ ആൾക്കൂട്ടക്കൊല ഉൾപ്പെടെ അതിക്രമങ്ങൾ ഉണ്ടാകുന്ന കേസുകളിൽ മനുഷ്യാവകാശ കമ്മിഷൻ നടപടിയെടുക്കാത്തതിലാണ് ജസ്റ്റിസ് അതുൽ ശ്രീധരൻ ശക്തമായ ആശങ്കകൾ ഉന്നയിച്ചത്. കമ്മിഷനുകൾ അവയുടെ പ്രധാന ഉത്തരവാദിത്തത്തിനപ്പുറമുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഗുരുതര സംഭവങ്ങൾ അവഗണിക്കുന്നതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മുസ്ലിം സമുദായത്തിലെ അംഗങ്ങൾ ആക്രമിക്കപ്പെടുകയും ചിലപ്പോൾ ആൾക്കൂട്ടക്കൊലയ്ക്ക് ഇരയാകുകയും ചെയ്യുന്ന സംഭവങ്ങളിൽ സ്വമേധയാ കേസെടുക്കുന്നതിനുപകരം, പ്രഥമദൃഷ്ട്യാ പ്രശ്നമില്ലാത്ത കാര്യങ്ങളിൽ മനുഷ്യാവകാശ കമ്മിഷനുകൾ ഇടപെടുന്നതായി കാണുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുകയുണ്ടായി. 558 എയ്ഡഡ് മദ്രസകൾക്കെതിരായ ആരോപണങ്ങളിൽ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) അന്വേഷണം നടത്താൻ ഉത്തരവിട്ട എൻഎച്ച്ആർസി നിർദേശങ്ങളുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതി ഈ പരാമർശങ്ങൾ നടത്തിയത്. നമ്മുടെ രാജ്യത്തെ എല്ലാ കമ്മിഷനുകളും പക്ഷപാതിത്വവും നിക്ഷിപ്ത താല്പര്യ സംരക്ഷണവും മുഖമുദ്രയാക്കിയിരിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ് ഇവ രണ്ടും. അവകാശസംരക്ഷണ കമ്മിഷനുകളും ബിജെപി സർക്കാരിന് കീഴിൽ കൂട്ടിലടച്ച തത്തകളായിരിക്കുന്നുവെന്ന് ഇവ നമ്മെ ബോധ്യപ്പെടുത്തുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment