പുലിവാല്‍ പിടിച്ച് ഡൊണാള്‍ഡ് ട്രംപ്

Janayugom
Developer Admin

സ്രയേലുമായി ചേര്‍ന്ന് യുഎസ്, ഇറാനെതിരെ ആരംഭിച്ച ആക്രമണം നാലാഴ്ച പൂര്‍ത്തിയാക്കുമ്പോള്‍ എന്തുചെയ്യേണ്ടൂ എന്നറിയാതെ നട്ടംതിരിയുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം മുന്നോട്ടുകൊണ്ടുപോകാനാകാതെ പരിഭ്രാന്തനായിരിക്കുന്നുവെന്നാണ് അടുത്ത ദിവസങ്ങളിലെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഒരു രാജ്യ ഭരണാധികാരിയെക്കുറിച്ച് പറയാന്‍ പാടില്ലാത്തതാണെങ്കിലും അധികാരമേറ്റതുമുതല്‍ വിഭ്രാന്തിയെടുത്തെന്നതുപോലെ ആയിരുന്നു അദ്ദേഹത്തിന്റെ സമീപനങ്ങള്‍. അമേരിക്കയെ മഹത്തരമാക്കുക എന്ന മുദ്രാവാക്യവുമായി നടപ്പിലാക്കിയ എല്ലാ പദ്ധതികളും പാളി. അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ട് നടത്തിയ ഇമിഗ്രേഷന്‍ പരിശോധനകളും നാടുകടത്തലും രാജ്യത്തിന്റെ സമ്പദ്ഘടനയെ താറുമാറാക്കുന്ന സ്ഥിതിയുണ്ടാക്കി. ദശകങ്ങളായി രാജ്യത്ത് താമസിക്കുന്നവരെ കയറ്റി അയയ്ക്കുന്നതിന് സ്വീകരിച്ച മാര്‍ഗങ്ങള്‍ മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. രാജ്യത്തെ നീതിന്യായ സംവിധാനങ്ങള്‍, ട്രംപിന്റെ പിന്തിരിപ്പന്‍ സമീപനങ്ങള്‍ പലതിനെയും തുറന്നെതിര്‍ക്കുകയും റദ്ദാക്കുകയും നിയമവിരുദ്ധമെന്ന് വിലയിരുത്തുകയും ചെയ്തു. എങ്കിലും വ്യാപാര സാമ്രാജ്യം വിപുലപ്പെടുത്തുന്നതിനുള്ള ഉപാധിയായി അദ്ദേഹം തന്റെ പദവിയെ നഗ്നമായി ഉപയോഗിച്ചുകൊണ്ടിരുന്നു.

ആയുധ വ്യാപാരം മുഖ്യ വരുമാനമാര്‍ഗമായ യുഎസിലെ അതിസമ്പന്നര്‍ക്ക് സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതിന് പല ഭാഗങ്ങളിലും യുദ്ധോത്സുകത സൃഷ്ടിച്ചുകൊണ്ടിരുന്നു. പലസ്തീനുനേരെ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയിലും റഷ്യയുമായുള്ള യുദ്ധത്തില്‍ ഉക്രെയ്നുമായി പക്ഷം ചേര്‍ന്നും ആയുധ വ്യാപാര സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിനും ശ്രമിച്ചു. ഈ നിലപാടുകളുടെയെല്ലാം തുടര്‍ച്ചയായാണ് വന്‍തോതില്‍ ഇന്ധന ഉറവിടങ്ങളുള്ള രാജ്യങ്ങളില്‍ അതിക്രമിച്ച് കടന്ന് അവ സ്വന്തമാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയത്. പശ്ചിമേഷ്യയിലെ എണ്ണ സമ്പത്ത് കയ്യടക്കുന്നതിനുള്ള ഉപാധിയായി ഇസ്രയേലിനൊപ്പം ചേര്‍ന്ന് വിവിധ തരത്തിലുള്ള കുതന്ത്രങ്ങള്‍ ആവിഷ്കരിച്ചു. അതിന്റെ കൂടി ഭാഗമായിരുന്നു ഇസ്രയേലിന്റെ പലസ്തീന്‍ അതിക്രമത്തിലെ പക്ഷം ചേരല്‍. പശ്ചിമേഷ്യയിലെ എണ്ണ സമ്പത്തില്‍ കണ്ണ് വച്ചായിരുന്നു ട്രംപിന്റെ ഈ നടപടി. ജനുവരി ആദ്യം വെനസ്വേലയില്‍ കടന്നുകയറി ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി നിക്കോളാസ് മഡുറോ, ഭാര്യ സിലിയ ഫ്ലോറസ് എന്നിവരെ പിടികൂടി യുഎസിലേക്ക് കൊണ്ടുപോയി തടങ്കലിലാക്കി. ഇതിന് പിന്നിലും വെനസ്വേലയില്‍ നിലവിലുള്ള സമ്പന്നമായ ഇന്ധന ശേഖരവും പ്രകൃതി വിഭവങ്ങളുടെ കലവറയും തന്നെ ആയിരുന്നു. മൂന്നുമാസമാകാറായിട്ടും മഡുറോയ്ക്കെതിരായ കുറ്റമെന്തെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ ട്രംപിനും യുഎസിനും സാധിച്ചിട്ടില്ല. മഡുറോയെ പിടികൂടിയ ഉടന്‍ ട്രംപ് മുന്നോട്ടുവച്ച ഉപാധി അവിടെയുള്ള എണ്ണയുടെ ഉടമസ്ഥാവകാശം നല്‍കണമെന്നതായിരുന്നു. അക്കാര്യത്തില്‍ വ്യക്തമായ ഉറപ്പ് വാങ്ങാനാകാതെ വെനസ്വേലയുടെ കാര്യത്തില്‍ ത്രിശങ്കുവിലായിരിക്കെയാണ് ഈ മാസം ആദ്യം ഇസ്രയേലുമായി ചേര്‍ന്ന് ഇറാനെതിരായ ആക്രമണം ആരംഭിച്ചത്. 

ഇവിടെയും സ്ഥിതി വ്യത്യസ്തമല്ലെന്ന് മാത്രമല്ല ഊരാക്കുടുക്കില്‍പ്പെട്ട അവസ്ഥയിലായിരിക്കുകയുമാണ്. തങ്ങള്‍ക്കുനേരെ നടത്തിയ ആക്രമണത്തെ യുഎസിന്റെ സൈനിക താവളങ്ങള്‍ക്കും ആയുധ സംഭരണശാലകള്‍ക്കും നേരെ മിസൈല്‍ വര്‍ഷവും ഡ്രോണ്‍ ആക്രമണവും നടത്തിയാണ് ഇറാന്‍ നേരിട്ടത്. ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ നടത്തുന്ന ആക്രമണം ഇന്ത്യപോലുള്ള രാജ്യങ്ങളെ സംബന്ധിച്ച് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണെങ്കിലും യുഎസും ഇസ്രയേലും നിലയില്ലാക്കയത്തിലാകുന്ന സാഹചര്യമാണുണ്ടാക്കിയത്. ട്രംപ് വിചാരിച്ചതുപോലെ ഇറാനെ കീഴടക്കാനായില്ലെന്ന് മാത്രമല്ല യുഎസിന് പരാജയമുണ്ടാകുന്നുവെന്ന പ്രതീതിയുണ്ടാക്കാനും ഇറാന് സാധ്യമായെന്നാണ് ഇപ്പോഴത്തെ സ്ഥിതി. ഒരാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറായില്ല. സമാധാന ചര്‍ച്ചകള്‍ നടക്കുന്നുവെന്ന് ട്രംപ് പറഞ്ഞപ്പോള്‍ അങ്ങനെയൊന്നില്ലെന്ന് വ്യക്തമാക്കിയ ഇറാന്‍ ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്ക് പ്രത്യാക്രമണം തുടരുകയും ചെയ്യുന്നു. യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ വ്യക്തമായ ധാരണയുണ്ടാകണമെന്നുള്ള ശക്തമായ നിലപാടുമായി ഇറാന്‍ ഉറച്ചുനില്‍ക്കുകയുമാണ്. തങ്ങള്‍ തീരുമാനിച്ചാല്‍ മാത്രമേ യുദ്ധം അവസാനിക്കൂ എന്നാണ് മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. ഇതിനായി അഞ്ച് ഉപാധികളും അവര്‍ മുന്‍വച്ചിട്ടുണ്ട്. യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണങ്ങളും മനുഷ്യഹത്യകളും പൂർണമായി അവസാനിപ്പിക്കണം, ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ ഭാവിയിൽ സൈനിക നടപടി ഉണ്ടാകരുത്, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം, മേഖലയിലുടനീളം സജീവമായ എല്ലാ പ്രതിരോധ ഗ്രൂപ്പുകള്‍ക്കുമെതിരായ കടന്നാക്രമണം അവസാനിപ്പിക്കണം. ഹോർമുസ് കടലിടുക്കിന് മേലുള്ള തങ്ങളുടെ പരമാധികാരവും അവകാശവും ഔദ്യോഗികമായി അംഗീകരിക്കണം എന്നിവയാണ് അവരുടെ ഉപാധികള്‍. ഇവ അംഗീകരിക്കുകയാണെങ്കില്‍ യുഎസ് പൂര്‍ണമായും കീഴടങ്ങിയെന്ന അവസ്ഥയുണ്ടാകും. അല്ലെങ്കില്‍ യുദ്ധം തുടരുന്നതിന്റെ ഉത്തരവാദികളെന്ന പഴി ലോകരാജ്യങ്ങളില്‍ നിന്നുമാത്രമല്ല സ്വന്തം നാട്ടുകാരില്‍ നിന്നും ട്രംപിന് കേള്‍ക്കേണ്ടിവരും. ഫലത്തില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഇസ്രയേലിനൊപ്പം ട്രംപും യുഎസും.

Previous
സാംസ്കാരിക തലസ്ഥാനമേ, കവിയെ സ്വീകരിക്കൂ
Next
ജയസൂര്യ — റോജിൻ തോമസ് ചിത്രം “കത്തനാർ” ടീസർ ട്രെയ്‌ലർ മാർച്ച് 31ന്

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment